മണ്ണെണ്ണ സബ്‌സിഡി വിതരണം മുടങ്ങിയിട്ടു മാസങ്ങള്‍

ആബിദ്

കോഴിക്കോട്: മല്‍സ്യബന്ധന വള്ളങ്ങള്‍ക്കു നല്‍കുന്ന മണ്ണെണ്ണ സബ്‌സിഡി വിതരണം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് ആരോപണം. മല്‍സ്യഫെഡ് വഴി മല്‍സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന മണ്ണെണ്ണയുടെ സബ്‌സിഡി തുകയാണു മാസങ്ങളായി വിതരണം ചെയ്യാതിരിക്കുന്നത്. ഒരു വള്ളത്തിനു 140 ലിറ്റര്‍ മണ്ണെണ്ണയാണു മല്‍സ്യഫെഡ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. ഇതിന്റെ സബ്‌സിഡി കൂടി അടങ്ങിയ തുക മണ്ണെണ്ണ വാങ്ങുമ്പോള്‍ തന്നെ അടയ്ക്കണം. പണമടച്ച് ഒന്നോ, രണ്ടോ ആഴ്ചയ്ക്കകം സബ്‌സിഡി തുക തിരിച്ചുനല്‍കുകയാണു പതിവ്. ലിറ്ററിന് 25 രൂപ നിരക്കില്‍ 3500 രൂപയാണു സബ്‌സിഡിയായി നല്‍കുക. എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സബ്‌സിഡി വിതരണം ചെയ്തിട്ടില്ല. പലര്‍ക്കും സപ്തംബറിലെ പണം തന്നെ കിട്ടാനുണ്ട്. ഓഖിദുരന്തം മൂലം ആഴ്ചകളോളം ജോലിക്കു പോവാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായിട്ടു പോലും തങ്ങള്‍ക്ക് അവകാശപ്പെട്ട പണം മല്‍സ്യഫെഡ് വിതരണം ചെയ്യാത്തതില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു കടുത്ത പ്രതിഷേധമുണ്ട്. മൂന്നുവര്‍ഷം മുമ്പ് മണ്ണെണ്ണ വിതരണം സര്‍ക്കാര്‍ മല്‍സ്യഫെഡിനെ ഏല്‍പിക്കുമ്പോള്‍ ലിറ്ററിന് 49.25 രൂപയായിരുന്നു ഈടാക്കിയിരുന്നത്. നേരത്തെ സിവില്‍ സപ്ലൈസ് ആയിരുന്നു മല്‍സ്യത്തൊഴിലാളികള്‍ക്കു മണ്ണെണ്ണ നല്‍കിയിരുന്നത്. അന്ന് എന്‍ജിന് അനുസരിച്ച് 450 മുതല്‍ 350 വരെ ലിറ്റര്‍ മണ്ണെണ്ണ അവര്‍ വിതരണം ചെയ്തിരു ന്നു. പിന്നീടത് 99 ലിറ്ററിലെത്തി. സിവില്‍ സപ്ലൈസ് നല്‍കിയ നീല നിറത്തിലുള്ള മണ്ണെണ്ണയുടെ അളവില്‍ കുറവു വന്നതോടെ മൂന്നു വര്‍ഷം മുമ്പാണ് മല്‍സ്യഫെഡ് വഴി വെള്ള മണ്ണെണ്ണ വിതരണം ചെയ്യാന്‍ തുടങ്ങിയത്. പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സിവില്‍ സപ്ലൈസ് നല്‍കുന്ന മണ്ണെണ്ണയില്‍ വീണ്ടും കുറവു വരുത്തി. ഇപ്പോള്‍ 45 ലിറ്റര്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ദിവസത്തെ ആവശ്യ ത്തിനു പോലും തികയില്ല. സിവില്‍ സപ്ലൈസ് 21 രൂപ നിരക്കിലാണു വിതരണം ചെയ്യുന്നതെങ്കില്‍ മല്‍സ്യഫെഡ് 49.25 രൂപ വാങ്ങി 25 രൂപ തിരിച്ചുനല്‍കും. ക്രമേണ മല്‍സ്യഫെഡ് നല്‍കുന്ന മണ്ണെണ്ണവില വര്‍ധിപ്പിക്കുകയും കഴിഞ്ഞ ഡിസംബറില്‍ 65 രൂപ വരെ വാങ്ങുകയും ചെയ്തു. ഇപ്പോള്‍ ലിറ്ററിന് 68 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, സബ്‌സിഡി തുകയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തുടക്കത്തില്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം സബ്‌സിഡി തുക മല്‍സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിരുന്നു. പിന്നീടത് ഒരു മാസവും രണ്ടു മാസവുമൊക്കെയായി. ഇപ്പോള്‍ പലപ്പോഴും ആറുമാസം വരെ നീളുന്ന സാഹചര്യമാണുള്ളത്.  മണ്ണെണ്ണ വാങ്ങുമ്പോള്‍ തന്നെ സബ്‌സിഡി കുറച്ച തുക ഈടാക്കിയാല്‍ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോവാനാവുമെന്നാണു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it