palakkad local

മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് 15 കോടി രൂപ ചെലവില്‍ നവീകരിക്കും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിന് 15 കോടി രൂപ അനുവദിച്ചു. റോഡ്  12 മീറ്റര്‍ വീതിയില്‍ നവീകരിക്കാന്‍ തീരുമാനമായി.  ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി. റോഡിന് ആവശ്യമായ സ്ഥലം ഇല്ലാത്ത  സാഹാചര്യത്തിലാണ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, കെ വി വിജയദാസ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് യോഗം വിളിച്ചത്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന മൂന്നുകിലോ മീറ്റര്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. 29,30 തിയ്യതികളില്‍ ജനകീയ കമ്മിറ്റിയുടെ സഹകരണത്തോടെ നിലവിലെ റോഡ് അളന്ന് അടയാളപ്പെടുത്തും. തുടര്‍ന്ന് റവന്യു വകുപ്പിന്റെ സഹായത്തോടെ സര്‍വെ നടത്താനുമാണ് യോഗ തീരുമാനം. കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ, കൗണ്‍സിലര്‍മാരായ ശ്രീനിവാസന്‍, സി പി പുഷ്പാനന്ദന്‍, പി എം ജയകുമാര്‍, പുഷ്പലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി വി ഷൗക്കത്തലി, പി ശെല്‍വന്‍, എ അയ്യപ്പന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലത സംസാരിച്ചു.
Next Story

RELATED STORIES

Share it