Alappuzha local

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

മണ്ണഞ്ചേരി: മാരകായുധങ്ങളുമായി എത്തിയ പത്തംഗ സംഘം എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. പ്രസവം കഴിഞ്ഞ യുവതിയും കുഞ്ഞും അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആപ്പൂര് വെളിയില്‍ സുധീര്‍ (45) ഭാര്യ നജുമ (42), മകനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഉനൈസ്(21)  മകള്‍ സുബിന(19)  ഏഴു ദിവസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. കതക് പൊളിച്ചു അകത്തു കടന്ന സംഘം വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചു മര്‍ദ്ദിക്കുകയുമായിരുന്നു.ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും സംഘം സ്ഥലം വിട്ടു.
നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സിപിഎം പ്രവര്‍ത്തകരായ ജോസഫ്, ഹനീഫ്, ആദര്‍ശ്, ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയസംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പോലിസിന് മൊഴി നല്‍കി. രണ്ട് മാസം മുമ്പ് പ്രദേശത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ആപ്പൂര് വെളി ഭാഗത്ത് എസ്ഡിപിഐക്ക് കൊടിമരം സ്ഥാപിക്കാന്‍ സിപിഎം അനുവദിച്ചിരുന്നില്ല.  നിരന്തരമായി എസ്ഡിപിഐ സ്ഥാപിക്കുന്ന കൊടിയും കൊടിമരവും നശിപ്പിക്കുകയും പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്  ആക്രമിക്കുന്നതും പതിവായിരുന്നു.
സംഘര്‍ഷങ്ങള്‍ നിത്യസംഭവമായതോടെ പ്രശ്‌നം തഹസീല്‍ദാരുടെയും മാരാരിക്കുളം സിഐയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുളളതാണ്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ശനിയാഴ്ച ഉണ്ടായ ആക്രമണം പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it