Kottayam Local

മണിമല 33 കെവി സബ്‌സ്‌റ്റേഷന്‍ : ട്രയല്‍റണ്‍ വിജയകരം ; സെക്ഷന്‍ ഓഫിസ് അന്തിമഘട്ടത്തില്‍



എരുമേലി: 12 കോടിയോളം ചെലവിട്ട് നിര്‍മിച്ച മണിമല 33 കെവി സബ്‌സ്‌റ്റേഷന്‍ വൈദ്യുതി വിതരണത്തിന് സജ്ജമായി. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ സബ് സ്‌റ്റേഷനില്‍ വൈദ്യുതിയെത്തി. ഉച്ച കഴിഞ്ഞ് 3.23 ന് ട്രയല്‍റണ്‍ നടത്തി. ട്രയല്‍റണ്‍ വിജയമായിരുന്നെന്നും അടുത്ത ആഴ്ചയോടെ വൈദ്യുതി വിതരണം ആരംഭിക്കുമെന്നും പാലാ എക്‌സി എന്‍ജിനീയര്‍ കുര്യന്‍ മാത്യു പറഞ്ഞു. സബ്‌സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമിന് മുകളില്‍ രണ്ടാം നിലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന മണിമല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസും പൂര്‍ത്തിയാകാറായി. ഒരു മാസത്തിനകം ഓഫിസ് ഉദ്ഘാടനം ചെയ്യാനാകും. പുതിയ പ്രീ ഫാബ്രിക്കേഷന്‍  സാങ്കേതിക വിദ്യയിലാണ് സെക്ഷന്‍ ഓഫിസിന്റെ നിര്‍മാണം. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും നിര്‍മിച്ചു കൊണ്ട് വന്ന് സ്ഥാപിക്കുകയായിരുന്നു. നിലവില്‍ പഴക്കം ചെന്ന വാടക കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനം. റാന്നി 110 കെവി സബ്‌സ്‌റ്റേഷനില്‍ നിന്നാണ് മണിമല സബ്‌സ്‌റ്റേഷനിലേക്ക് വൈദ്യുതിയെത്തുന്നത്. ഇതിനായി 18.5 കിലോമീറ്റര്‍ ദൂരത്തില്‍ 33 കെ വി ലൈനുകള്‍ സ്ഥാപിച്ചിരുന്നു. റാന്നി ടൗണില്‍ ഒരു കിലോമീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെയാണ് കേബിള്‍ ലൈന്‍ കടന്നുപോകുന്നത്. മണിമല സബ്‌സ്‌റ്റേഷനില്‍ നിന്നും മൊത്തം 30000 ല്‍പരം ഉപയോക്താക്കള്‍ക്കാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. മണിമല, പത്തനാട്, വായ്പൂര് സെക്ഷന്‍ ഓഫിസ് പരിധിയിലെ മുഴുവന്‍ ഉപയോക്താക്കളും ഇതിലുള്‍പ്പെടുന്നു. ഇതിന് പുറമെ വെളളാവൂര്‍ കുടിവെളള പദ്ധതി പ്രവര്‍ത്തിപ്പിക്കാനും സബ്‌സ്‌റ്റേഷനില്‍ നിന്നാണ് വൈദ്യുതിയെത്താന്‍ പോകുന്നത്.  മണിമല ഗ്രാമപ്പഞ്ചായത്ത് ഓഫിസിന്  സമീപത്തെ 50 സെന്റ് സ്ഥലത്താണ് സബ്‌സ്‌റ്റേഷന്‍. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാഞ്ഞിരപ്പളളി, പാലാ കോടതികള്‍ മുതല്‍ േൈഹക്കോടതി വരെ വര്‍ഷങ്ങളോളം കേസുകള്‍ നീണ്ട് പോയത് മൂലമാണ് സബ്‌സ്‌റ്റേഷന്‍ നിര്‍മാണം വൈകിയത്. ലൈന്‍ വലിക്കുന്ന റൂട്ടിനെ ചൊല്ലിയും കേസുകളുണ്ടായി. 11 കേസുകളില്‍ കെഎസ്ഇബിക്ക് അനുകൂല വിധിയായതോടെയാണ് സബ്‌സ്‌റ്റേഷന്റെ നിര്‍മാണം ആരംഭിച്ചത്. 2011 ല്‍ സബ്‌സ്‌റ്റേഷന്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചത് 8.75 കോടി രുപക്കായിരുന്നു. എന്നാല്‍ കേസുകള്‍ മൂലം നിര്‍മാണം വൈകിയതോടെ എസ്റ്റിമേറ്റ് തുകയിലെ നിരക്കുകള്‍ക്ക് വര്‍ധനവ് വരുത്തി നാല് കോടിയോളം രൂപ അധികമായി ചെലവിടേണ്ടി വന്നു. സബ്‌സ്‌റ്റേഷനില്‍ 33 കെവിയായി ലഭിക്കുന്ന വൈദ്യുതി 11 കെവിയായി പരിവര്‍ത്തിപ്പിക്കുന്നതിന് അഞ്ച് എംവിഎ യുടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ വഴിയാണ്.  ഇപ്പോള്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിച്ചിട്ടുളളത്. രണ്ടാമത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ഉടന്‍ സ്ഥാപിക്കുമെന്ന് അസി.എന്‍ജിനീയര്‍ എന്‍ എസ് പ്രസാദ് പറഞ്ഞു. വൈദ്യുതി വിതരണത്തിന് 11 കെവി യുടെ നാല് ലൈനുകളാണ് സബ്‌സ്‌റ്റേഷന്‍ പുറത്ത് സ്ഥാപിച്ചിട്ടുളളത്. മണിമല, പത്തനാട്, വായ്പൂര് പഞ്ചായത്തുകളിലെ വോള്‍ട്ടേജ് കുറവിനും വൈദ്യുതി തടസത്തിനും ഇനി ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണം പൂര്‍ത്തിയായ കനകപ്പലം 110 കെവി സബ്‌സ്‌റ്റേഷനും മണിമല സബ്‌സ്‌റ്റേഷനും ഒരേ ദിവസം ഉദ്ഘാടനം ചെയ്യാനാണ് നീക്കം. ഇന്നലെ മണിമല സബ്‌സ്‌റ്റേഷനില്‍ ട്രയല്‍റണിന് പാലാ എക്‌സി എന്‍ജിനീയര്‍ കുര്യന്‍ മാത്യു, കാഞ്ഞിരപ്പളളി അസി.എക്‌സി എന്‍ജിനീയര്‍ അനിത ബാലകൃഷ്ണന്‍, മണിമല  കനകപ്പലം സബ്‌സ്‌റ്റേഷനുകളുടെ അസി.എന്‍ജിനീയര്‍ എന്‍ എസ് പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it