മണിപ്പൂര്‍ ആള്‍ക്കൂട്ടക്കൊലഅടിച്ചുകൊന്നതു പോലിസ് സാന്നിധ്യത്തില്‍

ഇംഫാല്‍: വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് മണിപ്പൂരില്‍ എംബിഎ വിദ്യാര്‍ഥിയായ യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നത് പോലിസ് സാന്നിധ്യത്തിലെന്ന് വീഡിയോ ദൃശ്യം. പുറത്തുവന്ന ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട ഫാറൂഖ് ഖാന്റെ സമീപത്തായി മൂന്നു പോലിസുകാരുണ്ട്. ഇവരില്‍ രണ്ടുപേര്‍ക്കു തോക്കും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു സ്ഥലത്തുണ്ടായിരുന്ന ഒരു എസ്‌ഐ അടക്കം നാല് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും ഇംഫാല്‍ വെസ്റ്റ് സൂപ്രണ്ട് പറഞ്ഞു. വെസ്റ്റ് ഇംഫാലിലെ താറോയിജം ഗ്രാമത്തിലാണ് 26കാരനായ എംബിഎ വിദ്യാര്‍ഥി ഫാറൂഖിനെ നാട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തിയത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച്് ഫാറൂഖ് ഖാനെ ആളുകള്‍ കൂട്ടംചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്. യുവാവിന്റെ ദൃശ്യങ്ങള്‍ പലരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഖാനോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു പോലിസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ഒരു കാര്‍ ജനക്കൂട്ടം കത്തിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പ് വെള്ളം ചോദിച്ചപ്പോള്‍ മോഷ്ടിക്കാന്‍ വേണ്ടിയല്ലേ വന്നതു പിന്നെന്തിനാണ് വെള്ളം കുടിക്കുന്നതെന്നു നാട്ടുകാര്‍ ഫാറൂഖിനോട് ചോദിക്കുകയായിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത 13 പേരില്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തിലൊരു റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.
യുവാവ് ഗുരുതരമായി പരിക്കേറ്റിട്ടും പോലിസുകാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന്‍ ജോഗേശ്വര്‍ ഹാവോബിജാം പറഞ്ഞു. കൊലപാതകം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് ഈ മാസം 22നു സമര്‍പ്പിക്കാന്‍ മണിപ്പൂര്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it