മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ ക്കേസ് : അന്വേഷണത്തില്‍ സുപ്രിംകോടതിക്ക് അതൃപ്തി; സിബിഐ ഡയറക്ടര്‍ നാളെ നേരിട്ടു ഹാജരാവണം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സുരക്ഷാസൈന്യവും പോലിസും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അനാവശ്യമായി കാലതാമസം വരുത്തിയതിനു സിബിഐ ഡയറക്ടര്‍ നേരിട്ടു കോടതിയില്‍ ഹാജരാവണമെന്നു സുപ്രിംകോടതി.
കേസന്വേഷണം സിബിഐ നീട്ടിക്കൊണ്ടു പോവുകയാണെന്നും അന്വേഷണം സംബന്ധിച്ചു നല്‍കിയ പുരോഗതി റിപോര്‍ട്ടില്‍ കോടതിക്ക് സംതൃപ്തിയില്ലെന്നും കഴിഞ്ഞദിവസം ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇക്കാരണത്താല്‍, വിഷയത്തില്‍ സിബിഐ ഡയറക്ടറില്‍ നിന്നു തങ്ങള്‍ക്കു കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ബെഞ്ച്, സിബിഐ ഡയറക്ടര്‍ നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ഉത്തരവിടുകയായിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും അന്വേഷണ റിപോര്‍ട്ട് സാധ്യമായത്ര വേഗത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന കാര്യവും അദ്ദേഹത്തില്‍ നിന്നു നേരിട്ട് ചോദിച്ചറിയണമെന്നാണു ബെഞ്ച് വ്യക്തമാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബെഞ്ച് മുമ്പാകെ ഹാജരാവണമെന്നാണ് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു കോടതി, സിബിഐ ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.
2000ത്തിനും 2012നുമിടയില്‍ നടന്ന 1582 വ്യാജ ഏറ്റുമുട്ടല്‍ കേസുകളാണ് സുപ്രിംകോടതിയുടെ മുമ്പാകെയുള്ളത്. 2017 ജൂലൈ 14നാണു സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) നിലനില്‍ക്കുന്ന മണിപ്പൂരില്‍ സായുധസൈന്യവും മറ്റു സു—രക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം സിബിഐ—ക്ക് വിട്ടുകൊണ്ടു സുപ്രിംകോടതി ഉത്തരവിട്ടത്. ഇതിനായി സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രിംകോടതി രൂപംനല്‍കിയിരുന്നു.
ഈ സംഘത്തോട് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട അവസാന തിയ്യതി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍, ആവശ്യപ്പെട്ട തരത്തിലുള്ള റിപോര്‍ട്ടല്ല സിബിഐ നല്‍കിയ—തെന്നു വ്യക്തമാക്കിയാണു കോടതി സിബിഐ ഡയറക്ടറെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹരജി നേരത്തെ കോടതി തള്ളിയിരുന്നു.
അഫ്‌സ്പ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടക്കം സായുധ സൈന്യവും മറ്റു സുരരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന 2016ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യെപ്പട്ടാണ് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കിയത്. എന്നാല്‍, അന്നു ഹരജി തള്ളുകയായിരുന്നു. കേസിന്റെ വാദം ചേംബറില്‍ കേള്‍ക്കുന്നതിനു പകരം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി പരിഗണിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it