kasaragod local

മണല്‍ക്കടത്ത്പരിശോധന ശക്തമാക്കി ; 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു



കാസര്‍കോട്്: ജില്ലയില്‍ അനധികൃതമായി മണല്‍ കടത്തുന്നതും മറ്റു മാഫിയാ പ്രവര്‍ത്തനങ്ങളും തടയുന്നതിനു വേണ്ടി പോലിസ് നടപടി ശക്തമാക്കിയതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. 2017ല്‍ ഇതുവരെ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 335 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 342 വാഹനങ്ങള്‍ കണ്ടുകെട്ടി. 285 പ്രതികളെ അറസ്റ്റ് ചെയ്തു. 2015ല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 457 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 431 വാഹനങ്ങള്‍  കണ്ടുകെട്ടുകയുമുണ്ടായി. 454 പ്രതികളെ അറസ്റ്റു ചെയ്തു. കളവ് കേസുകളില്‍ 2017ല്‍ ഇതുവരെ 68 കേസുകളിലായി 43 പ്രതികളെ അറസ്റ്റ് ചെയ്തു. 2015ല്‍ 285 കേസുകള്‍ റിപോര്‍ട്ട്  ചെയ്തിട്ടുണ്ട്. 113 പ്രതികളെയും അറസ്റ്റു ചെയ്തു. 2016ല്‍ 256 കളവ് കേസുകളില്‍ 152 പ്രതികളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 388 ആണെങ്കില്‍ ഈ വര്‍ഷം നാല് മാസത്തിനകം തന്നെ 350 കേസുകള്‍ പോലിസ് പിടികൂടി. കൂടാതെ മണല്‍ കടത്ത് കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെ 107, കാപ്പ എന്നീ വകുപ്പുകള്‍ പ്രകാരം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.2017ല്‍ ഇതുവരെയായി 11 കഞ്ചാവ് കേസുകളില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു. 13.553 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഓപറേഷന്‍ ബ്ലൂലൈറ്റ് പദ്ധതി പ്രകാരം പോലിസിന് ധാരാളം വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നവരെ കുറിച്ച് ഓപറേഷന്‍ ബ്ലൂ ലൈറ്റ് 9497975812 വാട്‌സ് ആപ്പ് നമ്പറില്‍ അറിയിക്കണമെന്നും അത് രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ജില്ലാപോലിസ് മേധാവി പറഞ്ഞു.
Next Story

RELATED STORIES

Share it