kannur local

മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവൃത്തി തുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 77 കോടി ചെലവില്‍ നടപ്പിലാക്കുന്ന ശുദ്ധജല പദ്ധതിയുടെ പ്രവൃത്തി തുടക്കമായി. നാലു പാക്കേജുകളിലായാണ് വാട്ടര്‍ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. മട്ടന്നൂര്‍, ഇരിട്ടി നഗരസഭയ്ക്ക് പുറമെ തില്ലങ്കേരി, മാലൂര്‍, പായം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കും. പഴശ്ശി ഡാമില്‍ കിണറും, ചാവശ്ശേരി പറമ്പില്‍ ശുചീകരണ പ്ലാന്റും, മട്ടന്നൂര്‍ കൊതേരിയിലും ഇരിട്ടി ഹൈസ്‌കൂളിനു സമീപവും ടാങ്കും നിര്‍മിക്കും. പഴശി ഡാമില്‍ 24 മീറ്റര്‍ ഉയരത്തിലും 12 മീറ്റര്‍ വ്യാസവുമുള്ള കിണര്‍ നിര്‍മിച്ചാണ് വെള്ളം ശേഖരിക്കുക. ഇവിടെനിന്ന് 750 എംഎം കാസ്റ്റ് അയേണ്‍ പൈപ്പ് സ്ഥാപിച്ചു ചാവശ്ശേരി പറമ്പിലെ പ്ലാന്റിലെത്തിക്കുന്ന വെള്ളം  ശുചീകരിച്ച് കൊതേരിയിലെയും ഇരിട്ടിയിലെയും ടാങ്കിലേക്കു പമ്പ് ചെയും. ശുചീകരണ പ്ലാന്റില്‍നിന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കാന്‍ 400 എംഎം കാസ്റ്റ് അയേണ്‍ പൈപ്പാണ് സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ ഇരിട്ടി ഹൈസ്‌കൂളിനു സമീപവും കൊതേരിയിലും ടാങ്ക് നിര്‍മിച്ച് വെള്ളമെത്തിക്കുന്ന പ്രവൃത്തിയാണു ആരംഭിച്ചത്. റീന കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും ലക്ഷ്മി കണ്‍സ്ട്രക്ഷനുമാണ് പ്ലാന്റിന്റെയും ടാങ്കിന്റെയും പൈപ്പിടല്‍ പ്രവൃത്തിയുടെ ചുമതല. പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കൊളച്ചേരി പദ്ധതിയിലേക്ക് ഈ പ്ലാന്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യും. മട്ടന്നൂര്‍ നഗരസഭയിലും കൂടാളി, കീഴല്ലൂര്‍, മയ്യില്‍, മുണ്ടേരി, കുറ്റിയാട്ടൂര്‍, കൊളച്ചേരി, നാറാത്ത്  പഞ്ചായത്തുകളിലുമാണ് കൊളച്ചേരി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. പഴശി ഡാമില്‍ നിന്നാണ് പുതിയ പദ്ധതിക്കാവശ്യമായ വെള്ളം ശേഖരിക്കുക.
Next Story

RELATED STORIES

Share it