kannur local

മട്ടന്നൂരിലെ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ പദ്ധതി പാതിവഴിയില്‍

മട്ടന്നൂര്‍: തടസ്സമില്ലാതെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങള്‍ വിനിയോഗിച്ച് സ്ഥാപിക്കുന്ന ഭൂഗര്‍ഭ കേബിള്‍ പ്രവൃത്തി പാതിവഴിയില്‍. ഒരുവര്‍ഷം മുമ്പ് കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ലക്ഷ്യംകാണാതെ അനിശ്ചിതത്വത്തിലായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ മട്ടന്നൂര്‍ നഗരത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാവശ്ശേരി, പഴശ്ശി സബ് സ്‌റ്റേഷനുകളില്‍നിന്ന് ഭൂമിക്കടിയിലൂടെ കേബിള്‍ലൈന്‍ വലിച്ച് മട്ടന്നൂരിലെത്തിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. പഴശ്ശി സബ് സ്‌റ്റേഷനില്‍നിന്ന് വരുന്ന കേബിള്‍ ഇടവേലിക്കല്‍, ഇല്ലംഭാഗം വഴി മട്ടന്നൂരിലെത്തിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും കേബിള്‍ വഴി വൈദ്യുതി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ചാവശ്ശേരി സബ് സ്‌റ്റേഷനില്‍നിന്ന് മട്ടന്നൂര്‍ ഗാന്ധി റോഡിലേക്ക് വലിക്കേണ്ട കേബിള്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിട്ട് മാസങ്ങളായി. മട്ടന്നൂര്‍ നഗരസഭയുടെ അതിര്‍ത്തി പാലമായ കളറോഡിന് ശേഷം കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി തടഞ്ഞത് പദ്ധതിക്ക് വന്‍ തിരിച്ചടിയായി. പഴശ്ശി മുതല്‍ മട്ടന്നൂര്‍ വരെ ആറു കിലോമീറ്ററില്‍ കേബിള്‍ വലിക്കാന്‍ 1.6 കോടി രൂപയാണ് ചെലവഴിക്കുന്നത്. ചാവശ്ശേരി സബ് സ്‌റ്റേഷനില്‍നിന്ന് മട്ടന്നൂര്‍ ഗാഡി റോഡ് വരെ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ വലിക്കല്‍ പ്രവൃത്തിക്ക് 1.5 കോടി രൂപയാണ് ചെലവ്. മഴക്കാലത്ത് മരക്കൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി നിലയ്ക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും പൂര്‍ണമായി ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതി നല്‍കുന്നത്.
Next Story

RELATED STORIES

Share it