kozhikode local

മടപ്പള്ളി കോളജ് അക്രമം13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; മൂന്നുപേരെ റിമാന്‍ഡ് ചെയ്തു

വടകര: മടപ്പള്ളി ഗവ. കോളജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 13 എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. കോളജിലെ വിവിധ ബിരുദ വിദ്യാര്‍ഥികളായ കല്ലാച്ചിയിലെ ജിജോ(19), കല്ലേരിയിലെ അമല്‍രാജ്(20), കോട്ടപ്പള്ളിയിലെ ജിഷ്ണു(20), അക്ഷയ്, സജിത്ത്, അല്‍ദാസ്, സായൂജ്, അതുല്‍ദാസ്, സജിത്ത് ലാല്‍, അഖിത്ത്, ജിഷ്ണു, ജാഫര്‍, ശ്രീരാജ് എന്നിവരെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
ഇതില്‍ ജിജോ, അമല്‍രാജ്, ജിഷ്ണു എന്നിവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോളജില്‍ നടന്ന അക്രമങ്ങള്‍ക്ക് പുറമെ പുറത്ത് നടന്ന അക്രമത്തില്‍ പ്രദേശത്തെ വ്യാപാരിയായ മനോജിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്താണ് ഇവരെ റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് തടയുന്നതിനിടെയാണ് മനോജിനെ സംഘം ചേര്‍ന്ന് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ അക്രമിച്ചത്. അക്രമത്തില്‍ മനോജിന് തലക്ക്, കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
മറ്റു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുഡിഎസ്എഫ്, എംഎസ്എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ക്ക് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്‍കി വിട്ടയച്ചു. 5 കേസുകളിലായി 21 പേര്‍ക്കെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട പലരും ഒന്നില്‍ കൂടുതല്‍ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
മൂന്ന് വിദ്യാര്‍ഘികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് യുഡിഎഫ് കോളേജിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു.
സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിച്ച് തിങ്കളാഴ്ച കോളേജിലേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ നിരവധി പേരെ ഇനിയും പിടികൂടാനുണ്ട്.

Next Story

RELATED STORIES

Share it