kozhikode local

മടപ്പള്ളി കോളജ് അക്രമം: വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണം: എം കെ മുനീര്‍

വടകര: മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു.
അക്രമം തുടര്‍ന്നാല്‍ ജനാധിപത്യ ചേരിയിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മടപ്പള്ളി ഗവ.കോളജിന് അകത്തും പുറത്തും എസ്എഫ്‌ഐ നേതൃത്വത്തില്‍ നടത്തിവരുന്ന അക്രമ പരമ്പരകള്‍ക്കെതിരെ യുഡിഎഫ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോളജ് ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടപ്പള്ളി കോളജ് ആയുധപ്പുരയാക്കി എസ്എഫ്‌ഐ മാറ്റിയിരിക്കുകയാണ്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. നിരവധി അക്രമങ്ങള്‍ നടന്നിട്ടും ഫലപ്രദമായി ഇടപെടാന്‍ പോലിസും, കോളജ് അധികൃതരും തയ്യാറായിട്ടില്ലെന്നത് വേദനാജനകമാണ്. ഇക്കാര്യത്തില്‍ സിപിഎം മൗനം വെടിയണമെന്നും, അക്രമികളെ നിലക്ക് നിര്‍ത്തണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ കാലങ്ങളായി കോളജില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പോലിസ് ചെറുവിരല്‍ അനക്കാത്തത് അക്രമി സംഘങ്ങള്‍ക്ക് വളമായി മാറിയതായി മുനീര്‍ വ്യക്തമാക്കി.
പോലിസ് നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കാത്തതാണ് മടപ്പള്ളി കോളജിലെ കുഴപ്പത്തിന് പിന്നിലെന്നും, എല്ലാ കാലവും ഭരണമുണ്ടാവില്ലെന്നും പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, നജീബ് കാന്തപുരം, റസാഖ് പാലേരി, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, ഒകെ കുഞ്ഞബ്ദുല്ല, സുനില്‍ മടപ്പള്ളി, സികെ വിശ്വനാഥന്‍, എംസി ഇബ്രാഹീം, പികെ ഹബീബ്, അഹമ്മദ് പുന്നക്കല്‍, അഡ്വ. യുപി ബാലകൃഷ്ണന്‍, ശശിധരന്‍ കരിമ്പനപ്പാലം, കെപി കരുണന്‍, ടിവി സുധീര്‍ കുമാര്‍, സൂപ്പി നരിക്കാട്ടേരി സംസാരിച്ചു. നേരത്തെ നാദാപുരം റോഡില്‍ നിന്ന് പ്രകടനമായെത്തി മാര്‍ച്ച് പോലിസ് കോളജിന് കവാടത്തിന് മുന്നില്‍ വടംകെട്ടി തടയുകയായിരുന്നു.
അതിനിടെ പ്രവര്‍ത്തകര്‍ പോലിസിന്റെ വടം ഭേദിച്ച് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. ഏറെനേരം നേതൃത്വം പണിപ്പെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ഈ മാര്‍ച്ചിന് ശേഷം എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലും കോളജിലേക്ക് മാര്‍ച്ച് നടത്തി. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി, ജനറല്‍ സെക്രട്ടറി നജ്മ തഫ്‌സീറ, ജോ.സെക്രട്ടറി അനഘ നരിക്കുനി, ആയിശ ബാനു, ഷിഫ ഷറിന്‍, തംജീദ, ജഹാന ഷറിന്‍ സംസാരിച്ചു.
തുടര്‍ന്ന് ഇവര്‍ കോളജ് പ്രിന്‍സിപ്പാളിനെ കാണുകയും കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുക, നടപടിയെടുക്കുന്നത് വരെ കോളജ് അടച്ചിടുക എന്നീ ആവശ്യങ്ങള്‍ അറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറോളം പ്രിന്‍സിപ്പാളുമായി സംസാരിച്ചിട്ടും ഈ ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ് പ്രിന്‍സിപ്പാള്‍ ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. കോളജ് അടച്ചിടാത്ത പക്ഷം പരാതി നല്‍കിയെന്നതിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും മര്‍ദ്ദനമേല്‍ക്കേണ്ടി വരുമെന്ന ഭയപ്പാടിനെ തുടര്‍ന്നാണ് ഈ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചത്.

Next Story

RELATED STORIES

Share it