മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്‌വാദിഭാഗം നല്‍കിയ പട്ടിക പുനപ്പരിശോധിക്കാന്‍ ഉത്തരവ്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍
മഞ്ചേശ്വരം: നിയമസഭാ മണ്ഡലത്തില്‍ നിന്നു യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍, 69 വോട്ടര്‍മാര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്ന ഹരജി പുനപ്പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. വാദിഭാഗം നല്‍കിയ 69 പേരില്‍ രണ്ടുപേര്‍ നേരത്തേ കോടതിയില്‍ ഹാജരായതായി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പട്ടിക പൂര്‍ണമായും പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്. നേരത്തേ ഹാജരായവര്‍ ഇനിയും പട്ടികയില്‍ കടന്നുകൂടിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് പുനപ്പരിശോധിക്കുന്നത്.
കഴിഞ്ഞ 11ന് നടന്ന സിറ്റിങ്ങിലാണ് വാദിഭാഗം 69 പേര്‍ക്ക് കൂടി സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരും ഉള്‍പ്പെടെ 291 പേരുടെ കള്ളവോട്ട് രേഖപ്പെടുത്തിയാണ് എതിര്‍സ്ഥാനാര്‍ഥി വിജയിച്ചതെന്ന കെ സുരേന്ദ്രന്റെ ആരോപണം ഇതുവരെ തെളിയിക്കാനായിട്ടില്ല. പരേതരുടെ പേരില്‍ വോട്ട് ചെയ്‌തെന്നു കാണിച്ച് ആറുപേരുടെ പട്ടിക ഹൈക്കോടതിക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ രണ്ടുപേര്‍ തിരഞ്ഞെടുപ്പിനു മുമ്പ് മരണപ്പെട്ടതായി ബന്ധുക്കള്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. മറ്റു രണ്ടു പേര്‍ നേരിട്ട് കോടതിയില്‍ ഹാജരായി തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു.
മറ്റു സാക്ഷികള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ കോടതി ആലോചിച്ചിരുന്നു. ഈ സമയത്താണ് 69 സാക്ഷികള്‍ക്ക് കൂടി സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കണമെന്നു വാദിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്നലെ നടന്ന സിറ്റിങില്‍ വാദിഭാഗം നല്‍കിയ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട 69 പേരില്‍ രണ്ടുപേര്‍ നേരത്തേ ഹാജരായതായി കണ്ടെത്തി. പട്ടികയിലെ ബാക്കിയുള്ള പേരുകള്‍ കൂടി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയത്. ആഗസ്ത് മൂന്നാംവാരം കേസ് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it