മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

കാസര്‍കോട്: പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തോടെ മഞ്ചേശ്വരം മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ് മഞ്ചേശ്വരത്തേത്. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെത്തുടര്‍ന്ന് വേങ്ങരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ സീറ്റ് നിലനിര്‍ത്തി. ചെങ്ങന്നൂരില്‍ എ ല്‍ഡിഎഫ് സിറ്റിങ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സജി ചെറിയാന്‍ വിജയിച്ചു.
2016ല്‍ ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് പി ബി അബ്ദുര്‍റസാഖ് രണ്ടാംതവണയും നിയമസഭയിലെത്തിയത്. മഞ്ചേശ്വരം സീറ്റ് നിലനിര്‍ത്തേണ്ടത് മുസ്‌ലിംലീഗിന്റെ അഭിമാനപ്രശ്‌നമാണ്. 2006ല്‍ ശക്തനായ ചെര്‍ക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു വിജയിച്ചിരുന്നത്. എന്നാല്‍, 2011ല്‍ പി ബി അബ്ദുര്‍റസാഖിലൂടെ മണ്ഡലം ലീഗ് തിരിച്ചുപിടിച്ചു. ദക്ഷിണേന്ത്യയിലെ ഫാഷിസ്റ്റുകളുടെ ഏറ്റവും വലിയ ഹബ്ബായ മംഗളൂരുവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമെന്ന നിലയില്‍ ഫാഷിസ്റ്റുകള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളോളമായി മണ്ഡലം പിടിച്ചെടുക്കാനും താമരവിരിയിക്കാനും നടത്തിയ നീക്കങ്ങള്‍ ജനാധിപത്യ ചേരികള്‍ പരാജയപ്പെടുത്തുകയായിരുന്നു. 1991ല്‍ കെ ജി മാരാറിലൂടെ പരീക്ഷണം ആരംഭിച്ച സംഘപരിവാരം മുതിര്‍ന്ന നേതാക്കളായ സി കെ പത്മനാഭന്‍, കെ സുരേന്ദ്രന്‍, ബാലകൃഷ്ണ ഷെട്ടി, എം നാരായണഭട്ട് തുടങ്ങിയവരെ ഇറക്കി പരീക്ഷിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
2016ല്‍ പി ബി റസാഖ് നേടിയ 89 വോട്ടിന്റെ വിജയത്തില്‍ എല്‍ഡിഎഫും ബിജെപിയും മണ്ഡലം കൈക്കലാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. എട്ടു പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. ഇതില്‍ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കുമ്പള, എന്‍മകജെ പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. പുത്തിഗെ എല്‍ഡിഎഫും പൈവളിഗെ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും ഭരിക്കുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും യുഡിഎഫാണ് ഭരിക്കുന്നത്.
1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ ഉമേശ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ചരിത്രവും മണ്ഡലത്തിനുണ്ട്. 1960ല്‍ മഹാബല ഭണ്ഡാരി സ്വതന്ത്രനായി വിജയിച്ചു. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു പരാജയം. 1964ല്‍ കോണ്‍ഗ്രസ്സിലെ മഹാബല ഭണ്ഡാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം രാമണ്ണറൈയെ പരാജയപ്പെടുത്തി. 67ലും മഹാബലഭണ്ഡാരി രാമണ്ണറൈയെ പരാജയപ്പെടുത്തി വിജയിച്ചു. 1970ല്‍ സിപിഐയിലെ എം രാമപ്പ സ്വതന്ത്രനായ യു പി കുനിക്കുല്ലായയെ പരാജയപ്പെടുത്തി. 77ലും രാമപ്പ വിജയം ആവര്‍ത്തിച്ചു. 80ല്‍ സിപിഐയിലെ എ സുബ്ബറാവു മുസ്‌ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി. 82ല്‍ സുബ്ബറാവു കോണ്‍ഗ്രസ് നേതാവ് എം രാമകൃഷ്ണനെ പരാജയപ്പെടുത്തി വീണ്ടും വിജയിച്ചു. 87 മുതല്‍ ചെര്‍ക്കളം അബ്ദുല്ല തുടര്‍ച്ചയായി വിജയിച്ചു. 19 വര്‍ഷം മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു. ഈ കാലയളവില്‍ ബിജെപിയിലെ ശങ്കര ആള്‍വ, കെ ജി മാരാര്‍, സി കെ പത്മനാഭന്‍, സിപിഐയിലെ സുബ്ബറാവു തുടങ്ങിയ പ്രമുഖരാണ് പരാജയപ്പെട്ടത്. 2006ല്‍ സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു വിജയിച്ചു. ഇതോടെ, ലീഗിന്റെ 19 വര്‍ഷത്തെ കുത്തക തകരുകയായിരുന്നു. 2011ല്‍ പി ബി അബ്ദുര്‍റസാഖിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 5828 വോട്ടുകള്‍ക്കാണ് സിറ്റിങ് എംഎല്‍എയായിരുന്ന സി എച്ച് കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തിയത്. 2016ല്‍ ശക്തമായ ത്രികോണ മല്‍സരത്തില്‍ 89 വോട്ടുകള്‍ക്കാണ് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തി വിജയിച്ചത്.
പി ബി അബ്ദുര്‍റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ കൊണ്ടുവന്ന സമഗ്ര വികസനം വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എന്നാ ല്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, പി ബി അബ്ദുര്‍റസാഖിനെതിരേ തിരഞ്ഞെടുപ്പ് കേസ് നടത്തുന്ന ബിജെപിയാവട്ടെ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലുമാണ്.

Next Story

RELATED STORIES

Share it