malappuram local

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കടുത്ത ജലക്ഷാമം

മഞ്ചേരി: പ്രധാന ജലസ്രോതസായ പുത്തന്‍കുളം വറ്റിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ആശങ്കാജനകമാം വിധം കുളത്തില്‍ നിര്‍മിച്ച പ്രത്യേക കിണറില്‍ ജലനിരപ്പ് താഴുകയാണ്. ഇതോടെ മണിക്കൂറുകള്‍ ഇടവിട്ട് പേരിനുമാത്രമുള്ള ജലവിതരണമാണ് പദ്ധതി വഴിയുള്ളത്. ജലവിതരണം ഭാഗികമായതോടെ കിടത്തി ചികില്‍സയിലുള്ള രോഗികളും ആശുപത്രി ജീവനക്കാരും വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമില്ലാത്തതില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രമെ വെള്ളം ലഭിക്കൂവെന്നത് രോഗ തീവ്രതയേക്കാള്‍ വലിയ ദുരനുഭവമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ആതുരാലയത്തിനടുത്തുള്ള വീടുകളില്‍ പോയി അത്യാവശ്യത്തിനുള്ള വെള്ളം സംഭരിച്ചു വെക്കുന്ന കാഴ്ചയും മഞ്ചേരി മെഡിക്കല്‍ കോളജിലുണ്ട്. ചില സന്നദ്ധ സംഘങ്ങള്‍ വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളമാണ് പ്രശ്‌ന തീവ്രത അല്‍പമെങ്കിലും കുറക്കുന്നത്. ഇത്തരത്തില്‍ വെള്ളമെത്തിച്ചാലും അതു സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങളും മെഡിക്കല്‍ കോളജിലില്ല.
പുത്തന്‍ കുളത്തില്‍ നിര്‍മിച്ച കിണറില്‍ നിന്നും ശുദ്ധീകരിച്ച് പമ്പു ചെയ്യുന്ന വെള്ളമാണ് മെഡിക്കല്‍ കോളജില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ജലവിഭവ വകുപ്പിന്റെ പൈപ്പു കണക്ഷന്‍ ആശുപത്രിയിലുണ്ടെങ്കിലും ആവശ്യത്തിന് മതിയാകുന്നില്ല.
കിടത്തി ചികില്‍സയിലുള്ളവരും കൂട്ടിരിപ്പുകാരും ഒപിയില്‍ ചികില്‍സ തേടുന്ന രോഗികളും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരും ഹൗസ് സര്‍ജന്‍സിയിലേര്‍പെട്ട വിദ്യാര്‍ഥികളും എംബിബിഎസ് വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ആയിരങ്ങളാണ് ശുദ്ധജല ക്ഷാമത്തിന്റെ ഇരകളായി മെഡിക്കല്‍ കോളജിലുള്ളത്. ജലക്ഷാമ പ്രശ്‌നം സങ്കീര്‍ണമാവുമ്പോഴും ഇതില്‍ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടലോ, മലപ്പുറം മോഡല്‍ പരിഹാരമോ ഉണ്ടാവുന്നില്ല എന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നു.
Next Story

RELATED STORIES

Share it