malappuram local

മഞ്ചേരി ട്രാഫിക് പരിഷ്‌കാരം, പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം: കലക്ടര്‍

മലപ്പുറം: മഞ്ചേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ട്രാഫിക് പരിഷ്‌കാരത്തിന് രൂപം നല്‍കുന്നതിന് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ എന്നിവര്‍ക്ക് പരിഷ്‌കാരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍, രോഗികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗകര്യപ്രദമായ, ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ എതെല്ലാം വഴി ഏതൊക്കെ സ്റ്റാന്റുകളില്‍ പ്രവേശിക്കണം, മഞ്ചേരി വഴി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകള്‍ ഏതെല്ലാം വഴി പോവണം, വണ്‍വെ ആക്കേണ്ട റോഡുകള്‍, ഭാഗങ്ങള്‍, ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട സ്ഥലങ്ങള്‍, ഒഴിവാക്കേണ്ട സ്റ്റോപ്പുകള്‍, ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍, ഉപയോഗപ്പെടുത്താവുന്ന റിങ് റോഡുകള്‍, പോക്കറ്റ് റോഡുകള്‍ തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തണം. ചുരുങ്ങിയത് എത്രി വലിപ്പത്തിലുള്ള പേപ്പറില്‍ റോഡുകള്‍, സ്റ്റാന്റുകള്‍, പോക്കറ്റ് റോഡുകള്‍, ടൗണിലെ സ്റ്റോപ്പുകള്‍, വണ്‍വെയാക്കേണ്ട റോഡുകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ലൊക്കേഷന്‍ / റോഡ് മാപ്പുകള്‍ ഉള്‍പ്പെടുത്തി സോഫ്റ്റ് കോപ്പിയായോ ഹാര്‍ഡ് കോപ്പിയായോ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. സോഫ്റ്റ് കോപ്പി പിഡിഎഫ് ഫോര്‍മാറ്റില്‍ മശൈേെമിരേീഹഹലരീേൃ.ാുാ@ഴാമശഹ.രീാ ഇ-മെയിലേക്കോ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയോ സമര്‍പ്പിക്കാം.  ജനുവരി ഒമ്പതിനകം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it