malappuram local

മഞ്ചേരി അഗ്നിരക്ഷാസേനയ്ക്ക് ആശ്രയം മനോബലം മാത്രം

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: മനോബലം കൊണ്ടുമാത്രമാണ് മഞ്ചേരിയില്‍ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം. സ്വന്തമായി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളുമില്ലാതെ മഞ്ചേരിയില്‍ അഗ്നിശമന സുരക്ഷ സേനയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ദുരന്തങ്ങളുണ്ടാവുമ്പോള്‍ പരിമിതമായ സൗകര്യങ്ങള്‍ കാരണം മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ യൂനിറ്റുകളുടെ സഹായംതേടേണ്ട അവസ്ഥയാണ് സ്റ്റേഷന്‍ അഭിമുഖീകരിക്കുന്നത്. ഇന്നലെ മഞ്ചേരി നഗര മധ്യത്തിലുണ്ടായ അഗ്നിബാധ നേരിടുന്നതിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.
നഗരമധ്യത്തിലെ പാദരക്ഷ വിപണന കേന്ദ്രത്തിലെ അഗ്നിബാധ നഗരത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ പടരാതെ നോക്കുന്നതിലായിരുന്നു സേനാംഗങ്ങളുടെ ശ്രദ്ധ. ഇതിനിടയില്‍ സമീപത്തെ മറ്റു കേന്ദ്രങ്ങളില്‍ നിന്നു സഹായമെത്തിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. മലപ്പുറം ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ മഞ്ചേരിയില്‍ രണ്ടര വര്‍ഷം മുമ്പ് സ്ഥാപിതമായ ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരും, വാഹനങ്ങളും, ഉപകരണങ്ങളും പരിമിതമായതിനാലാണ് മറ്റ് ഫയര്‍ സ്റ്റേഷനുകളുടെ സേവനം തേടേണ്ടി വന്നത്. മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ യൂണിറ്റുകളുടെ സഹായത്തിനു പുറമെ കോഴിക്കോടു നിന്നും യൂനിറ്റിന്റെ സേവനം ഉറപ്പാക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. ഏറെ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ മഞ്ചേരിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് സേനായൂനിറ്റ് അനുവദിച്ചത്. വിസ്തൃതമായ പ്രദേശത്തിന്റെ ചുമതലയുള്ള സ്റ്റേഷന് പക്ഷേ അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാറില്‍നിന്നു ലഭിക്കുന്നില്ല. അന്‍പത് വാര്‍ഡുകളുള്ള മഞ്ചേരി നഗരസഭയും സമീപത്തുള്ള പതിനൊന്ന് പഞ്ചായത്തുകളും സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ തന്നെ ഏറ്റും കൂടുതല്‍ ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് മഞ്ചേരിയിലാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 147 സംഭവങ്ങളില്‍ ദുരന്ത മുഖത്തേക്കെത്തേണ്ടി വന്നു മഞ്ചേരി യൂനിറ്റിലെ സേനാംഗങ്ങള്‍ക്ക്. തീപിടിത്ത ദുരന്തങ്ങളാണ് മേഖലയില്‍ കൂടുതലുണ്ടാവാറുള്ളത്. നഗര പ്രദേശത്തു മാത്രം 15ലധികം അഗ്നിബാധകള്‍ കഴിഞ്ഞ വര്‍ഷം റിപോര്‍ട്ടു ചെയ്തു.
നഗരത്തില്‍ തന്നെ സേനയുടെ സാനിധ്യമുള്ളതുകൊണ്ടുമാത്രമാണ് പലപ്പോഴും ദുരന്തങ്ങളുടെ വ്യപ്തി കുറയുന്നത്. എന്നാല്‍, മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിസന്ധികള്‍ക്കു നടുവിലാണ് സേനയുടെ പ്രവര്‍ത്തനം. മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സ്വന്തമായ കെട്ടിടമില്ലാതെ കച്ചേരിപ്പടിയില്‍ നഗരസഭ അനുവദിച്ച ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലെ മുറിയിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
ആരംഭ ഘട്ടില്‍ തന്നെ സ്റ്റേഷന്‍ സ്ഥാപിക്കാനായി തുറക്കലില്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിനടുത്ത് 50 സെന്റ് ഭൂമി ലഭ്യമാക്കാന്‍ നടപടിയായെങ്കിലും ഇതുവരെ കെട്ടിട നിര്‍മാണം തുടങ്ങിയിട്ടില്ല. ജീവനക്കാരുടെ കുറവും സ്റ്റേഷനില്‍ വെല്ലുവിളി തീര്‍ക്കുന്നു.
മലപ്പുറത്തും നിലമ്പൂരിലും 40 പേരുടെ നിരയുണ്ടാവുമ്പോള്‍ മഞ്ചേരി അഗ്‌നിശമന സേനയില്‍ 16 ഉദ്യോഗസ്ഥരുടെ അംഗബലം മാത്രമാണ്. ജില്ലാ കോടതികള്‍, മെഡിക്കല്‍ കോളജ്, മിനി സിവില്‍ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ അഗ്നിശമന സുരക്ഷ യൂനിറ്റ് വേണമെന്നാവശ്യം വ്യാപാരികളില്‍ നിന്നാണ് ശക്തമായുയര്‍ന്നത്.
Next Story

RELATED STORIES

Share it