malappuram local

മഞ്ചേരിയില്‍ ദാഹജലത്തിന് ജനം നെട്ടോട്ടത്തില്‍

മഞ്ചേരി: ശുദ്ധജല ക്ഷാമം രൂക്ഷമായ മഞ്ചേരിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണവും ഭാഗികം. നഗരസഭാപ്രദേശത്തെ വിവിധ മേഖലകളാക്കി തിരിച്ച് മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രമാണ് നഗര ജലവിതരണ പദ്ധതി വഴി വെള്ളം നല്‍കുന്നത്. ആയിരക്കണക്കിനു കുടുംബങ്ങള്‍ ശുദ്ധജലത്തിനായി വാട്ടര്‍ അതോറിട്ടിയെ മാത്രം ആശ്രയിക്കുമ്പോഴാണ് ഈ ദുരവസ്ഥ. ശുദ്ധജല ലഭ്യതക്ക് ബദല്‍ സംവിധാനങ്ങളും ഇല്ലാതിരിക്കെ വെള്ളത്തിനായി അലയുകയാണ് ജനങ്ങള്‍.
ചാലിയാര്‍ പുഴയില്‍ നിന്നും അരീക്കോട്ടെ പമ്പ് ഹൗസില്‍ നിന്നാണ് മഞ്ചേരിയിലേക്ക് വിതരണത്തിനായി വാട്ടര്‍ അതോറിട്ടി വെള്ളമെത്തിക്കുന്നത്. വോള്‍ട്ടേജ് ക്ഷാമത്താല്‍ അരീക്കോട് പമ്പ് ഹൗസിലെ രണ്ട് 150 എച്ച്പി മോട്ടോറുകളില്‍ ഒന്നു മാത്രമാണ് പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാനാവുന്നതെന്ന് അധികൃതര്‍ പറയുന്നു. ദിവസവും 90 ലക്ഷം ലിറ്റര്‍ വെള്ളം വിതരണത്തിനായി എത്തിച്ചിരുന്നതില്‍ ഇപ്പോള്‍ 40 മുതല്‍ 70 ലക്ഷം ലിറ്റര്‍ വരെ വെള്ളം മാത്രമെ ലഭിക്കുന്നുള്ളൂ. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പകല്‍ സമയം രണ്ടു മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത്രയും വെള്ളമെങ്കിലും എത്തിക്കാനാവുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.  വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ വിതരണം ഭാഗികമാക്കിയപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അത്യാവശ്യത്തിനുള്ള ശുദ്ധജലം പോലും ലഭിക്കുന്നില്ല.
പരീക്ഷാ കാലമായതിനാല്‍ ആവശ്യത്തിനു വെള്ളമില്ലാത്തത് വിദ്യാര്‍ഥികളടക്കമുള്ളവരേയും കുഴക്കുകയാണ്. നറുകര, മേലാക്കം, കോഴിക്കാട്ടുകുന്ന്, പട്ടര്‍കുളം, കോളജ് കുന്ന് ഭാഗങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാണ്. പ്രശ്‌ന പരിഹാരത്തിന് വാട്ടര്‍ അതോറിറ്റിയുമായും കെഎസ്ഇബിയുമായും ബന്ധപ്പെട്ടു വരികയാണെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it