malappuram local

മഞ്ചേരിയിലെത്തുന്ന യാത്രക്കാരും രോഗഭീതിയില്‍

മഞ്ചേരി: മാലിന്യംകുമിഞ്ഞുകൂടി ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്ന മഞ്ചേരി നഗരത്തില്‍ യാത്രക്കാര്‍ക്കും രക്ഷയില്ല. പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്റിലെ ശുചിമുറികളില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് നഗരമധ്യത്തിലേക്കാണ്. ബസ് സ്റ്റാന്റിലെ കംഫര്‍ട് സ്റ്റേഷനിലുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി വിസര്‍ജ്യ മാലിന്യമടക്കം പരന്നൊഴുകുന്നത് നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് സ്റ്റാന്റിലാണ്. ഇത് മഴവെള്ളവുമായി കലര്‍ന്ന് നഗരവീഥികളിലൂടെ ഓഴുകി പരക്കുന്നത് കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. യാത്രക്കാര്‍ക്കു പുറമെ വ്യാപാരികളും ഇതിന്റെ ഇരകളാണ്. ദുര്‍ഗന്ധം സഹിക്കാനാവാതെ വ്യാപാര സ്ഥാപനങ്ങള്‍ പാതിയടച്ചാണ് മിക്ക ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ നഗരസഭാധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചെന്ന് പ്രഖ്യാപിച്ച നഗരസഭയിലാണ് ഈ ദുരവസ്ഥ.
ആദ്യഘട്ടത്തില്‍ നടന്ന പേരിനുള്ള പ്രവൃത്തികളല്ലാതെ മഴക്കാലപൂര്‍വ ശുചീകരണം മഞ്ചേരി നഗരസഭയില്‍ പ്രാവര്‍ത്തികമായിട്ടില്ല. സ്റ്റാന്റിനുള്ളിലെ ഓടയുടെ മുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ പലയിടത്തും ഇളകി കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വെല്ലുവിളി തീര്‍ക്കുന്നു. മഴ ശക്തമാവുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണ്.
മഴവെള്ളത്തോടൊപ്പം മാലിന്യവും റോഡിലേക്ക് ഒഴുകുന്നതും പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറി രാജന്‍ പരുത്തിപ്പറ്റ, പ്രതിപക്ഷ നേതാവ് കെ ഫിറോസ്ബാബു, ചന്തകുന്ന് ബ്രാഞ്ച് സെക്രട്ടറി പി കെ സക്കീര്‍ എന്നിവര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it