Editorial

മക്കാ മസ്ജിദ് കേസിലെ എന്‍ഐഎയുടെ പിഴവുകള്‍

ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികളെയും എന്‍ഐഎ പ്രത്യേക കോടതി വെറുതെവിട്ടത് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ സംവിധാനങ്ങളുടെ വിശ്വാസ്യതയെയും കൃത്യതയെയും കുറിച്ച് വീണ്ടും സംശയങ്ങള്‍ ഉണര്‍ത്തിയിരിക്കുകയാണ്.
അജ്മീര്‍ ദര്‍ഗയില്‍ 2007ല്‍ നടന്ന സ്‌ഫോടനക്കേസിലും അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെവിടുകയാണ് ഉണ്ടായത്. സംജോതാ എക്‌സ്പ്രസ്സില്‍ നടന്ന ബോംബ് സ്‌ഫോടനക്കേസിലും അദ്ദേഹം പ്രതിയാണ്. ഏതാണ്ട് അക്കാലത്തു നടന്ന സ്‌ഫോടന പരമ്പരകളില്‍ പലതിലും അസീമാനന്ദ, സാധ്വി പ്രജ്ഞാസിങ്, കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരുടെയും അവരുടെ സംഘടനയായ അഭിനവ് ഭാരതിന്റെയും പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് മേല്‍പ്പറഞ്ഞ സ്‌ഫോടന പരമ്പരകളിലൂടെ അന്ന് അനാവരണം ചെയ്യപ്പെട്ടത്; കോടതി വിധി എങ്ങനെയായാലും.
എന്‍ഐഎക്ക് സംശയരഹിതമായി കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് തന്റെ വിധിന്യായത്തില്‍ ജഡ്ജി ഊന്നിപ്പറയുന്നത്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്താനോ അസന്ദിഗ്ധമായ തെളിവുകള്‍ സമര്‍പ്പിക്കാനോ സാധിച്ചില്ല. അതിന്റെ പേരില്‍ അദ്ദേഹം പ്രോസിക്യൂഷനെ അതിശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍ഐഎയും പ്രതികളും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നു എന്ന ആരോപണമുയരുന്നത്. എന്‍ഐഎ സാക്ഷിയാക്കിയ കേണല്‍ പുരോഹിത് കൂറുമാറിയത് കേസിനെ ദുര്‍ബലമാക്കി. കോണ്‍ഗ്രസ് ഈ ഒത്തുകളിക്കെതിരായി രംഗത്തുവന്നത് സമുചിതമായി. രാജ്യം ഭരിക്കുന്ന ഹിന്ദുത്വവര്‍ഗീയതയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എന്‍ഐഎ, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്നാണ് പരക്കെ ആരോപണം. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വിട്ടയച്ച നടപടി ഏറക്കുറേ ഈ ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ് ചെയ്തത്. കേസന്വേഷണത്തിലെ വീഴ്ചകളെ വിധി പറഞ്ഞ ന്യായാധിപന്‍ തന്നെ നിശിതമായി വിമര്‍ശിച്ചത് ഈ പൊതുധാരണയ്ക്ക് അടിവരയിടുകയും ചെയ്യുന്നു.
ബിജെപി അധികാരത്തിലെത്തിയശേഷം ഹിന്ദുത്വ ഭീകരത ചെയ്തുകൂട്ടുന്ന പാതകങ്ങള്‍ വര്‍ധിച്ചുവരുകയാണ്. എന്നു മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണങ്ങള്‍. സിബിഐ, എന്‍ഐഎ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ കാവിരാഷ്ട്രീയത്തിന് അനുകൂലമായ രീതിയിലാണ് കേസുകള്‍ ഉണ്ടാക്കുന്നതും അന്വേഷണം നടത്തുന്നതും. മക്കാ മസ്ജിദ് കേസില്‍ നീതി നടപ്പാവാഞ്ഞത് ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ മൂലമാണ്. ഈ വിധിയെ ബിജെപി ചിത്രീകരിക്കുന്നത്, കെട്ടിച്ചമച്ചതായതുകൊണ്ടാണ് മക്കാ മസ്ജിദ് കേസില്‍ പ്രതികള്‍ കുറ്റവിമുക്തരായത് എന്ന നിലയിലാണ്; സത്യം മറിച്ചാണെങ്കിലും.
Next Story

RELATED STORIES

Share it