മകരവിളക്ക് മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നുജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോല്‍സവത്തിനായി ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം. സന്നിധാനത്ത് മകരവിളക്കിന് മുന്നോടിയായി 13, 14, 15 തിയ്യതികളില്‍ ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ തുടങ്ങിയ മേഖലകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കണമെന്നും മകരവിളക്ക് വീക്ഷിക്കാനെത്തുന്നവര്‍ക്ക് സൗകര്യാര്‍ഥം എല്ലായിടത്തും ലൈറ്റുകള്‍ ഉറപ്പാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമായ ഒരുക്കങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് ഏര്‍പ്പെടുത്തും. സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ പോലിസുകാരെ വിന്യസിക്കുന്നുണ്ട്. കുടിവെള്ള ലഭ്യത കൃത്യമായി ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. ചൂടുവെള്ളം ഉള്‍പ്പെടെ കുടിവെള്ളവും ആവശ്യമായ ജലവിതരണ സൗകര്യവുമുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ മകരവിളക്കിന് മുന്നോടിയായി സജ്ജമാണ്. മകരവിളക്ക് കഴിഞ്ഞാലുടന്‍ പമ്പയില്‍ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കും. ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും അറ്റകുറ്റപ്പണിക്കും നടപടിയായതായി വൈദ്യുതി വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it