മകരവിളക്ക് ഉല്‍സവകാലത്തും സംഘര്‍ഷത്തിന് സാധ്യത

കൊച്ചി: ഈ മാസം 16ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് ഉല്‍സവകാലത്തും ശബരിമലയിലും പമ്പയിലും നിലക്കലിലും എരുമേലിയിലും സംഘര്‍ഷസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. നിരവധിപേര്‍ എത്തിച്ചേരുന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അത് തിക്കിനും തിരക്കിനും അപകടങ്ങള്‍ക്കും കാരണമാവുമെന്നും ജീവഹാനിവരെയുണ്ടാവാമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് സമര്‍പ്പിച്ച റിപോര്‍ട്ട് പറയുന്നു.
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ 10-50 വയസ്സിനുള്ളിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ തടയാന്‍ സന്നിധാനത്ത് അയ്യപ്പഭക്തര്‍ തടിച്ചുകൂടി. അവര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ പരിശോധിച്ചു. പോലിസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഭക്തര്‍ ആള്‍ക്കൂട്ട നീതിനടത്തിപ്പു സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിച്ചത്. അവര്‍ 10-50 വയസ്സിനുള്ളിലുള്ളവരെ കണ്ടപ്പോള്‍ പ്രതിഷേധിച്ചു. നിരവധി സ്ത്രീകളെ തിരിച്ചയച്ചു. ചില രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സന്നിധാനത്ത് ക്യാംപ് ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. റിപോര്‍ട്ട് ഇന്നലെ കോടതി പരിഗണിച്ചു.

Next Story

RELATED STORIES

Share it