മഅ്ദനി നാട്ടിലേക്കില്ല; ഇളവു തേടി ഹൈക്കോടതിയെ സമീപിക്കും

ബംഗളൂരു: വിചാരണക്കോടതിയുടെ കടുത്ത ഉപാധികള്‍ കാരണം രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനായി മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഉപേക്ഷിച്ചു. പരപ്പന കോടതിയുടെ അസാധാരണ ഉത്തരവിനെതിരേ നാളെ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹൈക്കോടതിയോ സുപ്രിംകോടതിയോ കനിഞ്ഞാലേ ഗുരുതരാവസ്ഥയിലുള്ള ഉമ്മയെ സന്ദര്‍ശിക്കാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അവസരമൊരുങ്ങൂ.
മഅ്ദനിക്ക് ഉമ്മയെ സന്ദര്‍ശിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച കോടതിവിധി പൗരാവകാശ ലംഘനമാണെന്നു പിഡിപി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി മരണാസന്നയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനുള്ള മകന്റെ അവകാശത്തെ നിരാകരിക്കുകയാണ് കോടതി ചെയ്യുന്നത്. പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ് വിധിയിലുള്ളത്.
പ്രോസിക്യൂട്ടര്‍ സദാശിവ മൂര്‍ത്തി എഴുതിക്കൊടുക്കുന്നത് അതുപോലെ വിധിയുടെ ഭാഗമാക്കി ജാമ്യത്തിലുള്ള മഅ്ദനിയുടെ പൗരാവകാശത്തെ ഹനിക്കുകയാണ് കോടതി ചെയ്തിട്ടുള്ളത്.
പിഡിപി പ്രവര്‍ത്തകരെയും നേതാക്കളെയും മറ്റു രാഷ്ട്രീയ മതസംഘടനകളിലുള്ളവരെയും കാണരുത്, സംസാരിക്കരുത് എന്ന വിചിത്ര നിര്‍ദേശമാണ് വിധിയിലുള്ളത്. ഇതു സബന്ധിച്ച് റിപോര്‍ട്ട് നല്‍കുന്നതിന് പോലിസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക വഴി മഅ്ദനിയുടെ ജാമ്യം ഒഴിവാക്കാനുള്ള പോലിസിന്റെ കുതന്ത്രങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് കോടതി വിധിയിലൂടെ ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങളും ബന്ധുക്കളും സഹായികളും വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും അനുഭാവികളുമാണ് എന്നിരിക്കെ അവരോടു സംസാരിക്കാനും കാണാതിരിക്കാനും ഒരു നിലയ്ക്കും സാധ്യമല്ല. വ്യത്യസ്ത ആശയങ്ങളെയും തത്ത്വങ്ങളെയും പിന്തുടരാനും പ്രചരിപ്പിക്കാനും ഭരണാഘടനാപരമായി അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഒരു രാജ്യത്ത് അവയെ പിന്തുടരുന്നവരെ കാണാനും സംസാരിക്കാനുമുള്ള അവകാശം ഹനിക്കുക എന്നത് ബാലിശമാണ്.
കര്‍ണാടകയില്‍ ബിജെപി ഭരണകാലത്ത് നിയന്ത്രണങ്ങളേതുമില്ലാതെ മകളുടെ വിവാഹത്തിലും പിന്നീട് മകന്റെ വിവാഹത്തിലും മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പങ്കെടുത്ത മഅ്ദനിക്ക്, കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസ്സും ഭരണം പങ്കിടുന്ന സമയത്ത് ഇത്തരത്തിലുള്ള പൗരാവകാശധ്വംസനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് അപലപനീയമാണെന്നും പിഡിപി പറഞ്ഞു.

Next Story

RELATED STORIES

Share it