Flash News

മഅ്ദനി കേരളത്തിലേക്ക് പുറപ്പെട്ടു

മഅ്ദനി കേരളത്തിലേക്ക് പുറപ്പെട്ടു
X
ബംഗളൂരു: രോഗിയായ മാതാവിനെ കാണാന്‍ നാട്ടിലേക്കു പോവാന്‍ വിചാരണക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് മഅ്ദനി കേരളത്തിലേക്കുള്ള യാത്ര തിരിച്ചു. പോലിസിന്റെ നിസ്സഹകരണം മൂലം അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള യാത്ര ഇന്നലെ മുടങ്ങിയിരുന്നു. സുരക്ഷയ്ക്കു നിയോഗിക്കാന്‍ മതിയായ പോലിസുകാരില്ലെന്ന് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ നിലപാട് എടുത്തതോടെയാണു പിഡിപി ചെയര്‍മാന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. അതേസമയം, ഇന്നലെ രാത്രി വൈകി ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ മഅ്ദനിയുടെ സുരക്ഷയ്ക്കായി ആറ് പോലിസ് ഉദ്യോഗസ്ഥരെ അനുവദിക്കുകയായിരുന്നു.



വിമാനയാത്രയിലെ സങ്കേതിക തടസ്സങ്ങള്‍ പരിഗണിച്ച് റോഡുമാര്‍ഗമാണ് മഅ്ദനി കേരളത്തലേക്കു വരുന്നത്. സേലം,കോയമ്പത്തൂര്‍, പാലക്കാട് വഴിയാണ് അദ്ദേഹം കരുനാഗപ്പള്ളിയിലെത്തുക.  ഇന്നലെ മുതല്‍ ഈ മാസം 12 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ഐഎ കോടതി മഅ്്ദനിക്ക് അനുമതി നല്‍കിയിരുന്നത്. കോടതി ഉത്തരവുമായി സിറ്റി പോലിസ് കമ്മീഷണറെ സമീപിച്ചപ്പോള്‍ പോലിസ് ഉദ്യോഗസ്ഥരുടെ അകമ്പടി ചെലവും വാഹന ചെലവുമായി ഒന്നേകാല്‍ ലക്ഷത്തോളം രൂപ മഅ്ദനി നല്‍കണമെന്നു പോലിസ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ഈ തുക കെട്ടിവച്ചതോടെ സുരക്ഷയ്ക്ക്് പോലിസുകാര്‍ ഇല്ലെന്നു കമ്മീഷണര്‍ മഅ്ദനിയെ അറിയിച്ചു. ബംഗളൂരു പോലിസ് മേധാവിയുടെ നിര്‍ദേശത്ത തുടര്‍ന്ന് പ്രത്യേക സായുധസേനയെ മഅ്ദനിയുടെ അഭിഭാഷകര്‍ സമീപിച്ചെങ്കിലും സുരക്ഷയ്ക്കു നിയോഗിക്കാന്‍ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി. ഒടുവില്‍ ഇന്നലെ രാത്രി വീണ്ടും സിറ്റി പോലിസ് കമ്മീഷണറെ സമീപിച്ചപ്പോഴാണ് ആറ് ഉദ്യോഗസ്ഥരെ അകമ്പടി സുരക്ഷയ്ക്കായി ഇന്ന് നിയോഗിക്കാമെന്ന്് അറിയിച്ചത്.
Next Story

RELATED STORIES

Share it