kozhikode local

മഅ്ദനിയെ ബംഗളൂരുവില്‍ നശിപ്പിക്കാന്‍ ഗൂഢാലോചനയെന്ന്് പൂന്തുറ സിറാജ്‌

കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്്ദുനാസര്‍ മഅ്ദനിയുടെ പേരിലുള്ള കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട്‌പോയി അദ്ദേഹത്തെ ബാംഗ്ലൂരില്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി പിഡിപി  ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് മാന്യമായ ചികില്‍സ ലഭിക്കുന്നില്ല.
ഒച്ച് ഇഴയുന്ന വേഗത്തിലാണ് കേസിന്റെ കാര്യങ്ങള്‍. എന്‍ഐഎ കോടതി ജഡ്ജിയെ മാറ്റിയിട്ട് ഇതുവരെ പുതിയ നിയമനം നടത്തിയിട്ടില്ല. നാലുവര്‍ഷമായി സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥയില്‍ കഴിയുന്ന മഅ്ദനിക്ക് ബാംഗ്ലൂര്‍ സിറ്റിക്ക് പുറത്തേക്ക് പോകാന്‍ അനുമതി ഇല്ലാത്തതില്‍ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തുന്നതിനുള്ള ചികില്‍സക്കും കഴിയുന്നില്ല. ആരോഗ്യപരമായി തകര്‍ത്ത് ബാംഗ്ലൂരില്‍ വച്ച് നശിപ്പിക്കാനാണ് ശത്രുക്കളുടെ നീക്കമെന്നും സിറാജ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പിഡിപി പ്രതിനിധി സംഘം രണ്ടു തവണയിലധികം സന്ദര്‍ശിച്ചിട്ടും അലംഭാവമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. കേരള സര്‍ക്കാര്‍ കര്‍ണാടക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. എം എ ബേബി മഅ്ദനിയെ സന്ദര്‍ശിച്ചു പറഞ്ഞത് സിപിഎം മഅ്ദനി പ്രശനം ഏറ്റെടുത്തിരിക്കുമെന്നായിരുന്നുവെങ്കിലും ഇതൊന്നും പിന്നീടുണ്ടായില്ലെന്നും സിറാജ് വ്യക്തമാക്കി. സാമ്രാജ്യത്വത്തിനനുകൂലമായ കോണ്‍ഗ്രസ് സമീപനത്തിനെതിരായിരുന്നു പൊന്നാനിയില്‍ പിഡിപി പറഞ്ഞ സ്ഥാനാര്‍ഥിയെ ഇടതുപക്ഷം നിര്‍ത്തിയത്. പിഡിപി തീവ്രവാദ പാര്‍ട്ടിയാണെന്ന് ആരോപണമേറ്റുവാങ്ങുമ്പോള്‍ പോപുലര്‍ഫ്രണ്ടിനെപ്പറ്റി പൊതുസമൂഹമാണ് അഭിപ്രായം പറയേണ്ടത്.
പോപുലര്‍ഫ്രണ്ടിനെപ്പറ്റി പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ കേസിന്റെ വാദം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും അപകടകരമായ ആരോഗ്യാവസ്ഥയെപ്പറ്റി ബോധിപ്പിക്കുന്നതിനും കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് സിറാജ് പറഞ്ഞു.
മഅ്ദനി വിഷയം ചര്‍ച്ച ചെയ്യുന്നതിന് പിഡിപി സംസ്ഥാന സമിതി യോഗം കോഴിക്കോട് ചേര്‍ന്നു. വാര്‍ത്താസമ്മേളനത്തില്‍ പൂന്തുറ സിറാജ്, ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാത്തോട്ടം, ജോയിന്റ് സെക്രട്ടറി തിക്കൊടി നൗഷാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it