ഭോപാല്‍ വിപ്ലവത്തിനു ശേഷം

നാട്ടുകാര്യം - കുന്നത്തൂര്‍  രാധാകൃഷ്ണന്‍
ജനാധിപത്യത്തിന്റെ മഹത്തരമായ ഉദ്‌ഘോഷണം മധ്യപ്രദേശില്‍നിന്നു കേട്ട് കോരിത്തരിച്ചിരിക്കുകയാണു സാമൂഹികപ്രവര്‍ത്തകനും വില്ലാളിവീരനുമായ കോരന്‍. അവിടെ അഞ്ചു സന്ന്യാസിമാര്‍ക്ക് സഹമന്ത്രിപദവി നല്‍കി ശിവരാജന്‍ മുഖ്യന്‍ മഹദ്കര്‍മം നിര്‍വഹിച്ചതിന് അദ്ദേഹത്തെ സ്തുതിക്കുന്നതോടൊപ്പം ഭാവിയില്‍ തനിക്കും വല്ലതും തടയുമോ എന്ന ഗവേഷണത്തിലാണു കോരന്‍. മുഖ്യന്റെ സദ്പ്രവൃത്തിയെ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഭോപാല്‍ വിപ്ലവം എന്നാണത്രേ വിശേഷിപ്പിക്കുന്നത്.
സംഗതിയുടെ കിടപ്പിലേക്ക് അല്ലെങ്കില്‍ ഫഌഷ് ബാക്ക് എന്ന ബാക്ക് സീറ്റിലേക്ക് സഞ്ചരിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രങ്ങള്‍ ഭാവിചരിത്രകാരന്‍മാര്‍ക്കുവേണ്ടി ചില്ലിട്ടു സൂക്ഷിക്കേണ്ടതാണ്. ആ ചിത്രങ്ങള്‍ സദയം നോക്കിയാലും!
നര്‍മദാനദിയുടെ തീരത്ത് കോണകം മാത്രമുടുത്ത ചില സന്ന്യാസിമാര്‍ എന്ന ബാബമാര്‍ എന്ന മാന്യന്‍മാര്‍ സൊറപറഞ്ഞിരിക്കുന്നു. ലാപ്‌ടോപ്പും കോണകവും ഒന്നിച്ചുകൊണ്ടുപോവുന്നതില്‍ വിദഗ്ധനായ ഒരു സന്ന്യാസിവര്യന്‍ പെട്ടെന്ന് മൗനിയായി. അപ്പോള്‍ മറ്റുള്ളവര്‍ ആകാംക്ഷയോടെ കോറസില്‍ ചോദിച്ചു:
''ഇയ്യെന്താ പെട്ടെന്ന് മൗനിബാബയായത്?''
''ഞാന്‍ നര്‍മദാനദിയെക്കുറിച്ച് ഓര്‍ത്തുപോയി.''''അതേ നര്‍മദ, എത്ര മനോഹരമായ പദം.''
''അത്ര മനോഹരമൊന്നുമല്ല. നര്‍മദാ ഹരിതപദ്ധതിയില്‍ മുഴുവന്‍ അഴിമതിയും കെട്ടനോട്ടുകളും നാറുന്നുണ്ട്.''
''ശരിയാണ്, നദിക്ക് നല്ല നാറ്റമുണ്ട്.''
''നദിയുടെ നാറ്റമല്ല പറഞ്ഞത്. പദ്ധതിയുടെ പേരില്‍ പണം സര്‍ക്കാര്‍ കട്ടുമുടിക്കുന്നു എന്നാണ്.''
അപ്പോള്‍ ഒരുത്തന്‍ കോട്ടുവായിട്ടുകൊണ്ട് കോണകം മുറുക്കിക്കെട്ടി ഉദാസീനമായി പറഞ്ഞു:
''അയിന് മ്മക്കെന്ത്? അതൊക്കെ നോക്കാന്‍ മേധാ പട്കറും സംഘവുമില്ലേ!''
കംപ്യൂട്ടര്‍ സന്ന്യാസി ചൂടായി: ''യ്യ് ഇനി മിണ്ടരുത്. എല്ലാം മേധയ്ക്ക് വിട്ടുകൊടുക്കാനാവില്ല. ഇവിടെ സന്ന്യാസിസമൂഹമുണ്ടെന്ന് ശിവരാജനെ കാണിച്ചുകൊടുക്കണം.''
അപ്പോള്‍ കോട്ടുവാ സന്ന്യാസി ധൈര്യം സംഭരിച്ച് ചോദിച്ചു:
''അയിന് മ്മക്കെന്താണു ചെയ്യാനാവുക.''
''അതാണ് പ്രാചീന സോമരസം മോന്തി നാം കൂലങ്കഷമായും അല്ലാതെയും ചിന്തിക്കേണ്ടത്.''
പിന്നീട് എല്ലാവരും അബോധാവസ്ഥ അഭിനയിച്ച് കണ്ണടച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചു. കോട്ടയം നോവലുകളില്‍ പറയുന്നതുപോലെ നിലാവ് നവോഢയെപ്പോലെ നര്‍മദാനദീതടം മൂടി. നിലാവിന്റെ മാസ്മരികതയില്‍ വശംകെട്ട് നര്‍മദയിലെ മീനുകള്‍ കരയിലേക്കു തുള്ളിച്ചാടി. അപ്പോള്‍ കോണകധാരികള്‍ക്ക് ബോധോദയമുണ്ടായി. കംപ്യൂട്ടര്‍ സന്ന്യാസിയാണ് ആദ്യം ശബ്ദിച്ചത്.
''നാം സമരം തുടങ്ങുകയായി. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല. ഒരു രഥം ഏര്‍പ്പാടാക്കിക്കഴിഞ്ഞിട്ടുണ്ട്. നര്‍മദാ കുംഭകോണം രഥയാത്ര എന്നായിരിക്കും നമ്മുടെ പ്രക്ഷോഭത്തിന്റെ പേര്.''
''പ്രക്ഷോഭവിവരം സര്‍ക്കാരിനെ അറിയിക്കേേണ്ട. അതിനാല്‍ നമുക്ക് കോണകം അഴിച്ചുവച്ച് ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഭോപാലിലേക്കു പോവാം.''
''ഇയ്യൊരു മണ്ടച്ചാര് തന്നെ. എടോ എന്റെ പക്കല്‍ ലാപ്‌ടോപ്പുണ്ട്. ഇ-മെയിലായി ഇതാ സന്ദേശം വിട്ടുകഴിഞ്ഞു.''
സന്ദേശം ലഭിച്ച് മുഖ്യന്റെ സെക്രട്ടറി അന്ധാളിച്ചു. ഇവന്‍മാര്‍ സമരം തുടങ്ങിയാല്‍ വിവരമില്ലാത്തവര്‍ കൂടെക്കൂടും. തിരഞ്ഞെടുപ്പടുത്ത ഈ നിര്‍ണായക വേളയില്‍ അത് ഒരു കസേരകാക്കല്‍ പ്രശ്‌നമാവും. ഇപ്പോള്‍ തന്നെ വ്യാപം, കുഷ്ഠം, മാരണം തുടങ്ങിയ കുംഭകോണങ്ങള്‍കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായിട്ടുണ്ട്.
സെക്രട്ടറി ഇപ്രകാരം ചിന്തിച്ചിരിക്കെ മുഖ്യന്‍ കടന്നുവന്നു.
''യ്യെന്താണ്ടാ ഒരുമാതിരി വല്ലാതിരിക്കുന്നത്?'' സെക്രട്ടറി നേരെചൊവ്വേ കാര്യം പറഞ്ഞു. ''സന്ന്യാസിമാരിളകിയാല്‍ കടന്നല്‍ക്കൂടു പോലെയാവും. വ്യാപത്തേക്കാള്‍ വ്യാപകമായിരിക്കുമത്. അതിനാല്‍ ഒരു അടിയന്തര ശസ്ത്രക്രിയ ആവശ്യമായ നിര്‍ണായക നിമിഷമാണിതെന്ന് ശിവരാജാവായ അങ്ങുന്ന് അറിയണം.''
''പ്രതിവിധി ഇയ്യ് നിര്‍ദേശിക്ക് ഹമുക്കേ! ശമ്പളം വാരിക്കോരി തരുന്നുണ്ടല്ലോ!'' ''എന്നാല്‍ പറയാം. അവന്‍മാരിലെ ഘടാഘടിയന്‍മാരെ സഹമന്ത്രിമാരാക്കുക.''
''ഭേഷ്! ഇയ്യ് ആള് മഹാന്‍ തന്നെ. അപ്പോയിന്‍മെന്റ് ലെറ്ററുകള്‍ ഇപ്പോള്‍ തന്നെ അയക്ക്. അനക്ക് ഞാന്‍ സൂപ്പര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നു.'' സന്ദേശം കിട്ടിയ കംപ്യൂട്ടര്‍ സന്ന്യാസി ഉച്ചത്തില്‍ പറഞ്ഞു:
''നമ്മുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. മ്മക്ക് മന്ത്രിപദവി കിട്ടിക്കഴിഞ്ഞു.''
അപ്പോള്‍ പ്രക്ഷോഭം വേണ്ട എന്നാണോ എന്ന് സഹമുനിമാര്‍ ചോദിച്ചു.
''പ്രക്ഷോഭരഥം തല്‍ക്കാലം പൊളിക്കേണ്ട. അഴിമതി കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ആവശ്യമായിവരും.''                      ി
Next Story

RELATED STORIES

Share it