Flash News

ഭോപാലിലെ സിമി തടവുകാര്‍ കടുത്ത പീഡനത്തിനിരയാവുന്നു

ഭോപാലിലെ സിമി തടവുകാര്‍ കടുത്ത പീഡനത്തിനിരയാവുന്നു
X
ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന, പോലിസ് വെടിവച്ചുകൊന്ന മുന്‍ സിമി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ജയിലില്‍ കടുത്ത പീഡനത്തിനിരയായിരുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ട്. തടവുകാരെ ശാരീരികവും മാനസികവുമായി പീഡനത്തിനിരയാക്കിയെന്നാണ് കമ്മീഷന്റെ റിപോര്‍ട്ടിലുള്ളത്.
ജയിലില്‍ മതിയായ സൗകര്യങ്ങളും നല്‍കിയില്ല. പലപ്പോഴും ഉറക്കംപോലും നിഷേധിക്കപ്പെട്ടു. പ്രാഥമിക ചികില്‍സ വരെ നിഷേധിച്ചു. നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. തടവുകാരുടെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ വാങ്ങി വലിച്ചെറിയുക തുടങ്ങിയവയും ജയിലില്‍ നടന്നിരുന്നെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



തടവുകാരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. തടവുകാരുടെ ശരീരത്തില്‍ മുറിവേറ്റത് എങ്ങനെയെന്ന കാര്യം മറച്ചുവച്ച ജയില്‍ ഡോക്ടര്‍ പ്രേമേന്ദ്ര ശര്‍മക്കെതിരേ നടപടി വേണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സഹതടവുകാര്‍, കൊല്ലപ്പെട്ട തടവുകാരുടെ കുടുംബാംഗങ്ങള്‍, അവരുടെ അഭിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ജയിലിലെ ജീവനക്കാര്‍ എന്നിവരുമായി സംസാരിച്ച ശേഷമാണ് കമ്മീഷന്‍ 24 പേജുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്. ജയിലില്‍ ആകെയുണ്ടായിരുന്ന 29 വിചാരണത്തടവുകാരില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതോടെ ഇവരുടെ എണ്ണം 21 ആയി. ഇതില്‍ ഒരാളെ മാത്രമാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ 21 പേരുടെയും ബന്ധുക്കള്‍ കമ്മീഷനെ സമീപിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തടവുകാരുടെ സാഹചര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്.
58 അടിയുള്ള തടവറയില്‍ തനിച്ചാണ് തടവുകാരെ പാര്‍പ്പിക്കുക. തടവറയില്‍ ഫാന്‍ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ഏതാനും മിനിറ്റ് സമയം മാത്രമേ വെള്ളം ശേഖരിക്കാനും മറ്റും പുറത്തേക്കു വിടൂ. ഏകാന്ത സെല്ലില്‍ അടച്ചിടുന്നതിനാല്‍ നിരവധി മാനസികപ്രശ്‌നങ്ങളും അവര്‍ നേരിട്ടിരുന്നു. കൈകാലുകള്‍ മുകളിലേക്കാക്കി 'ഹെലികോപ്റ്റര്‍ പൊസിഷനില്‍' ആക്കിയാണ് പ്രധാന പീഡനമെന്ന് തടവുകാരന്റെ മൊഴിയായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. അരിമില്ലിലെ ബെല്‍റ്റും റബര്‍ സ്ട്രിപ്പുകളും ലാത്തിയും കൊണ്ട് തുടര്‍ച്ചയായി അടിക്കുമായിരുന്നെന്നും തടവുകാരെ ഉദ്ധരിച്ച് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
വൈദ്യപരിശോധന നടത്താനെന്ന പേരില്‍ വന്ന് രാത്രി ഉറക്കം നഷ്ടപ്പെടുത്തുമെന്ന് തടവിലുള്ള മുഹമ്മദ് ജാവീദ് പരാതിപ്പെട്ടതായി അദ്ദേഹത്തിന്റെ ഭാര്യ ഷാമ പറഞ്ഞു. മുഹമ്മദ് ജാവീദിന്റെ കൂടെയുള്ള അമിത്, ധര്‍മേന്ദ്ര, വിജയ് വര്‍മ എന്നിവര്‍ സ്ഥിരമായി മോശം പദപ്രയോഗങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
തടവുകാരെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളെ  ജയിലധികൃതര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയിരുന്നത്. മുഖമക്കന ധരിച്ചെത്തുന്ന ബന്ധുക്കളോട് അത് ഊരിവയ്ക്കാന്‍ നിര്‍ബന്ധിക്കും. ശേഷം അവരുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തുമായിരുന്നു. അതേസമയം, കമ്മീഷന്റെ കണ്ടെത്തല്‍ ജയില്‍മേധാവി സഞ്ജയ് ചൗധരി നിഷേധിച്ചു. റിപോര്‍ട്ട് ഏകപക്ഷീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it