wayanad local

ഭേദപ്പെട്ട മഴ ലഭിച്ചെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും നീങ്ങേണ്ടിവന്ന ജില്ലയ്ക്ക് ഇത്തവണ മാര്‍ച്ച് ആരംഭിച്ചതോടെ തന്നെ ഭേദപ്പെട്ട മഴ ലഭിച്ചു. ചൂടിനും താപവര്‍ധനയ്ക്കും കുറവുണ്ടായി.  ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 62.4 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏപ്രില്‍ ആദ്യവാരത്തിലും നല്ല മഴകിട്ടിയത് ജില്ലയ്ക്കാകെ ഗുണകരമായി.
കാലവാസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ ഏപ്രില്‍ 4 വരെ 89.2 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഈ കാലയളിവില്‍ സാധരണരീതിയില്‍ ലഭിക്കേണ്ടിയിരുന്നത് 22.8 മില്ലീമീറ്റര്‍ മഴയായായിരുന്നു. സംസ്ഥാനശരാശരിയേക്കള്‍ മികച്ച വേനല്‍മഴയാണ് വയനാട്ടിന് ലഭിച്ചത്. സംസ്ഥാനത്ത് 56.6 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് മാര്‍ച്ച് മുതല്‍ ഏപ്രില്‍ 4 വരെ ലഭിച്ചത്.
സംസ്ഥാനത്ത് കൊല്ലത്തും പത്തനംതിട്ടയിലുമാണ് വയനാട്ടിനേക്കാള്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. അതേസമയം, ഇരു ജില്ലകളിലും പ്രതീക്ഷിത മഴയുടെ അടുത്ത് മഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 19.7 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈ വര്‍ഷമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.  കഴിഞ്ഞവര്‍ഷം 49.7 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 62.4 മില്ലീമീറ്റര്‍ മഴ ലഭിച്ചു. 2016ല്‍ 16മില്ലീമീറ്ററും 2015ല്‍ 45 മില്ലീമീറ്ററും 2014ല്‍ 14 മില്ലീമീറ്ററും  2013ല്‍  26 മില്ലീമീറ്ററും മാത്രമാണ് ഈ കാലയളവില്‍ മഴ കിട്ടിയത്.
മുന്‍വര്‍ഷങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസ്വരെയായിരുന്ന താപനിലയാണ് ഈ വര്‍ഷം മാര്‍ച്ച് തുടക്കത്തില്‍ 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഇപ്പോള്‍ ചൂട് 28 ഡിഗ്രിയിലേക്ക് എത്തി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങള്‍ വരള്‍ച്ചയിലേക്ക് നീങ്ങുകയും കബനിയിലെ ജലനിരപ്പ് കുറയുകയും ചെയ്തത് ആശങ്ക ഉണ്ടാക്കിയിരുന്നു.
എന്നാല്‍ ഈ ആശങ്കകള്‍ ഇല്ലാതാക്കിയാണ് വേനല്‍ മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയത്. മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇടക്കിടെ ജില്ലയിലെ എല്ലാ ഭാഗത്തും മഴ ലഭിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയാ യായി വൈകുന്നേരങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it