thrissur local

ഭൂരേഖ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം

ചാവക്കാട്: ഭൂരേഖ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്യണമെന്നു താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. സിപിഐ മണ്ഡലം സെക്രട്ടറിയും താലൂക്ക് വികസന സമിതി അംഗവുമായ പി മുഹമ്മദ് ബഷീറാണ് തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്.
എടക്കഴിയൂരിലെ കടല്‍ പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃത നിര്‍മാണം നടത്തുകയും മറിച്ചുവില്‍ക്കുകയും ചെയ്ത സംഭവം അന്വേഷിക്കാന്‍ 2017 ഫെബ്രുവരി പത്തിനു റവന്യുമന്ത്രി കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭൂരേഖ തഹസില്‍ദാറോട് കലക്ടര്‍ ആവശ്യപ്പെട്ടു. പരാതിക്കാരനായ പി മുഹമ്മദ് ബഷീറിനു മറുപടി നല്‍കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 15 മാസമായി നൂറുകണക്കിനു ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടും ഒരാള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ തയാറായില്ലത്രെ. ഇതിനാലാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നടപടി വേണമെന്ന് അധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബറും പറഞ്ഞു. ഒരുമനയൂര്‍ ദേശീയപാത കുണ്ടും കുഴികളും മാറ്റി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. റീ ടാറിങ് നടത്തണമെന്നു കേരള കോണ്‍ഗ്രസ് അംഗം തോമസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ വരി നിര്‍ത്തി റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതിനെതിരെയും വിമര്‍ശനം ഉണ്ടായി. പഞ്ചായത്തു തലത്തില്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അംഗങ്ങള്‍ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.  ഉദയ് തോട്ടപ്പിള്ളി, തഹസില്‍ദാര്‍ കെ.പ്രേംചന്ദ്, ടി പി ഷാഹു, ഹൈദര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it