kasaragod local

ഭൂരിപക്ഷമില്ല; ജില്ലാ പഞ്ചായത്തില്‍ അവിശ്വാസത്തിന് സാധ്യതയേറി

കാസര്‍കോട്: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ അവിശ്വാസത്തിന് സാധ്യത തെളിയുന്നു. എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ വിട്ടുനില്‍ക്കാനാണ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കം. പതിനേഴംഗ ഭരണ സമിതിയില്‍ എട്ടംഗങ്ങളുടെ മാത്രം പിന്തുണയുള്ള യുഡിഎഫ് ആണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് ഏഴ് അംഗങ്ങളും ബിജെപിക്ക് രണ്ടംഗങ്ങളുമാണ് നിലവിലുള്ളത്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ആര്‍ക്കും വോട്ട് ചെയ്യാത്തതിനാലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. നാല് വീതം സീറ്റുകളുള്ള കോണ്‍ഗ്രസും മുസ്്‌ലിംലീഗും തമ്മിലുള്ള ധാരണയുടെ പുറത്താണ് ലീഗിലെ എ ജി സി ബഷീര്‍ പ്രസിഡന്റും കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പ് വൈസ് പ്രസിഡന്റുമായത്. ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചിരുന്നതായി യുഡിഎഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ജില്ലാതലത്തില്‍യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നുമാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പറയുന്നത്. എന്നാല്‍ ഐ ഗ്രൂപ്പിന് സ്ഥാനം വിട്ടുകൊടുക്കാതിരിക്കാന്‍ ഡിസിസി പ്രസിഡന്റ് നാടകം കളിക്കുകയാണെന്ന് ജില്ലാ പഞ്ചായത്തംഗമായ ഷാനവാസ് പാദൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തി ഡിസിസി എടുക്കുന്ന തീരുമാനത്തില്‍ ഇദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ വിട്ടു നില്‍ക്കാനാണ് ഷാനവാസിന്റെ നീക്കം.
എന്നാല്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കടുത്ത ഭിന്നതയുള്ള മറ്റൊരു കോണ്‍ഗ്രസ് അംഗവും അവിശ്വാസം കൊണ്ടുവന്നാല്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ഒരു വനിതാ പ്രതിനിധികൂടി ഐ ഗ്രൂപ്പ് പക്ഷത്തുണ്ട്. ബിജെപി നിഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ അവിശ്വാസ പ്രമേയം പാസാകും.
കോണ്‍ഗ്രസില്‍നിന്ന് തന്നെ ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. യുഡിഎഫിലെ കോണ്‍ഗ്രസും മുസ്്‌ലിംലീഗും തമ്മിലുള്ള ധാരണ നടപ്പിലായാല്‍ വൈസ് പ്രസിഡന്റ് ആകേണ്ടത് ലീഗ് സംസ്ഥാന ഖജാഞ്ചി ചെര്‍ക്കളം അബ്ദുല്ലയുടെ മകള്‍ മുംതാസ് സമീറയാണ്.
നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സ്ഥാനം എ ഗ്രൂപ്പിലെ ശാന്തമ്മ ഫിലിപ്പിനാണ്. ഇത് ഉപേക്ഷിച്ച് എ ഗ്രൂപ്പിന് നിലവിലുള്ള സ്ഥാനം കളയാന്‍ താല്‍പര്യമില്ലാത്തതാണ് സ്ഥാനമാറ്റത്തിന് എ ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ഡിസിസി തയ്യാറാകാത്തത്.
എന്നാല്‍ ഐ ഗ്രൂപ്പ് പ്രതിനിധിയായ തന്നോട് ഡിസിസി പ്രസിഡന്റിനുള്ള താല്‍പര്യകുറവാണ് അര്‍ഹതപ്പെട്ട പ്രസിഡന്റ് സ്ഥാനം ചോദിച്ച് വാങ്ങാന്‍ തടസ്സമാകുന്നതെന്നാണ് ഷാനവാസ് ആരോപിക്കുന്നത്. ഡിസിസി പ്രസിഡന്റുമായി കടുത്ത ഭിന്നത ഉള്ളതിനാല്‍ ഡിസിസി യോഗങ്ങളില്‍ ഐ ഗ്രൂപ്പിലെ ഭൂരിഭാഗം നേതാക്കളും പങ്കെടുക്കാറില്ല. ഡിസിസിയുടെ പരിപാടികളില്‍ പോലും ജില്ലയില്‍ കൃത്യമായി നടക്കാറില്ല.
ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയ സമയത്ത് ഐ ഗ്രൂപ്പ് വിട്ടുംനില്‍ക്കും. ബിജെപി വാര്‍ഡുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവഗണിക്കുന്നുവെന്ന പരാതി ബിജെപി ക്ക് നേരത്തെയുണ്ട്. അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയത്തെ ബിജെപി അനുകൂലിക്കാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it