Kottayam Local

ഭൂമി രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കി : രജിസ്‌ട്രേഷന്‍ തുക അടയ്ക്കാന്‍ ബുദ്ധിമുട്ടാവുന്നതായി പരാതി



ഈരാറ്റുപേട്ട: ഭൂമി രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കിയതോടെ രജിസ്‌ട്രേഷന്‍ തുക അടയ്ക്കാന്‍ ഓണ്‍ലൈന്‍ ബാങ്കിങ് ഇല്ലാത്തവര്‍ കഷ്ടപ്പെടുന്നു. രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇപ്പോള്‍ തുക അടയ്ക്കാനാവില്ല. പകരം ട്രഷറിയില്‍ അടയ്ക്കണം. ഇതാണ് ഇപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.ഓണ്‍ലൈന്‍ ബാങ്കിങ് വഴിയല്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുക അടയ്ക്കാനാവാത്തതും അസൗകര്യം കൂട്ടി. സംസ്ഥാനത്ത് ഫെബ്രുവരി മുതലാണ് ഭൂമി രജിസ്‌ടേഷന്‍ ഓണ്‍ലൈനാക്കിയത്. ഇതു പ്രകാരം ഭൂമിയുടെയും വാങ്ങുന്നയാളുടെയും വില്‍ക്കുന്നയാളിന്റെയും വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. ഭൂമി വിലയുടെ രണ്ടു ശതമാനം എന്ന രജിസ്‌ട്രേഷന്‍ നിരക്ക് ഓണ്‍ലൈനായി അടയ്ക്കണം. മുമ്പ് രജിസ്ട്രാര്‍ ഓഫിസില്‍ തന്നെയായിരുന്നു തുക അടച്ചിരുന്നത്.ഇപ്പോള്‍ ഇ-ചെല്ലാന്‍ പ്രകാരം ട്രഷറികളില്‍ ചെന്ന് വേണം പണമടയ്ക്കാന്‍. സംസ്ഥാനത്ത് 311 രജിസ്ട്രാര്‍ ഓഫിസുകള്‍ ഉണ്ട്. എന്നാല്‍ പലയിടത്തും ട്രഷറികളില്ല. അതിനാല്‍ തന്നെ മിക്കയിടത്തും കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ട്രഷറിയില്‍ തുക അടയ്ക്കാന്‍. ഇടപാടുകാരെയും ആധാരമെഴുത്തുകാരെയും ഇതു ബുദ്ധിമുട്ടിലാക്കുന്നു. ഒരു മണി വരെയാണ് ട്രഷറികളില്‍ തുക അടയ്ക്കാനാവുക. രജിസ്ട്രാര്‍ ഓഫിസുകളില്‍ വൈകീട്ട് 3.30 വരെ ഇടപാടുകള്‍ നടത്താം. ട്രഷറിയില്‍ തുക അടച്ച ശേഷം പിന്നീട് രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നു 10 രൂപ അധികമടയ്ക്കാന്‍ പറഞ്ഞാല്‍ പോലും അപ്പോള്‍ വീണ്ടും ട്രഷറിയില്‍ പോവേണ്ടി വരും. പണം പിന്‍വലിക്കലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിച്ച് ട്രഷറിയില്‍ അടയ്ക്കുന്നതിനും തടസ്സമുണ്ടാവാറുണ്ട്. ഇപ്പോള്‍ എടിഎമ്മുകളില്‍ പല ദിവസങ്ങളിലും പണം ഇല്ലാത്തതും ദുരിതമാകുന്നു. ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി രജിസ്ട്രഷനുകളെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്.
Next Story

RELATED STORIES

Share it