kannur local

ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനം

കണ്ണൂര്‍: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതോടെ ദേശീയപാത അതോറിറ്റി അധികൃതര്‍ സര്‍വേ നടപടികള്‍ ഊര്‍ജിതമാക്കി. ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറങ്ങിയ സ്ഥലങ്ങളിലെല്ലാം ഇനി വേഗത്തില്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍, കാസര്‍കോട് സബ് ഡിവിഷനുകളുടെ പരിധിയില്‍ പലയിടത്തും ഭൂമി നഷ്ടപ്പെടുന്നവരുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും പോലിസ് സഹായത്തോടെയാണു സ്ഥലമളക്കല്‍ പുരോഗമിക്കുന്നത്. സര്‍വേ സുഖകരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തുനീക്കിയാണ് പോലിസ് സര്‍വേക്ക് വഴിയൊരുക്കുന്നത്. മൂന്നുമാസത്തിനകം സര്‍വേ പൂര്‍ത്തിയാവുമെന്നാണ് സൂചന. സര്‍വേ പൂര്‍ത്തിയായ പ്രദേശങ്ങളില്‍ ത്രി ഡി വിജ്ഞാപനം ഇറക്കിയ പ്രദേശങ്ങളുടെ മഹസര്‍ തയ്യാറാക്കുന്ന നടപടിയും പുരോഗതിയിലാണ്.
അതിനിടെ, പ്രതിഷേധം തണുപ്പിക്കാന്‍ പരിധിയില്ലാതെ കെട്ടിങ്ങളുടെ വില നിര്‍ണയിക്കുന്നതിന് സബ് ഡിവിഷനുകളുടെ ചുമതലയുള്ള ദേശീയപാത അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. നടപടിക്രമങ്ങളില്‍ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണിത്. കേന്ദ്ര നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ് കേന്ദ്രനിയമം. നേരത്തെ സ്ഥലമേറ്റെടുക്കുമ്പോള്‍ വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും വിലനിര്‍ണയിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതല ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരുന്നു. ഒരു കോടി രൂപയ്ക്ക് മുകളിലുള്ളവയുടെ അധികാരം തിരുവനന്തപുരത്തുള്ള ചീഫ് എന്‍ജിനീയര്‍ക്കും. ഒരുകോടി വരെയുള്ളത് മലബാര്‍ മേഖലയില്‍ കോഴിക്കോട്ടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും, 25 ലക്ഷം വരെയുള്ളത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും, ആറുലക്ഷം വരെയുള്ളത് ജില്ലകളിലുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും, ഒരുലക്ഷം രൂപവരെയുള്ളത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും വീതിച്ചുനല്‍കിയിരുന്നു. എന്നാലിത് സാങ്കേതിക കുരുക്കുകള്‍ക്ക് കാരണമായി. ഇതൊഴിവാക്കാനാണ് ഭൂമി ഏറ്റെടുക്കുന്ന ജില്ലകളില്‍ തന്നെ വിലനിര്‍ണയിച്ച് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. നഗരം, ഗ്രാമം എന്നിങ്ങനെ വേര്‍തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുക. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങിയ അന്നുമുതല്‍ പണം നല്‍കുന്നതു വരെ 12 ശതമാനം പലിശ നല്‍കും. വിലനിര്‍ണയ സമിതി നിശ്ചയിച്ച തുകയ്ക്കായിരിക്കും പലിശ. ഇത് ഗ്രാമ-നഗര മേഖലകള്‍ക്ക് ഒരുപോലെ ബാധകമാണ്. കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും പ്രത്യേകം നഷ്ടപരിഹാരം നല്‍കും. കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് കണക്കാക്കുന്ന വിലയും അത്രതന്നെ നഷ്ടപരിഹാരത്തുകയും ചേര്‍ത്തുനല്‍കും.
Next Story

RELATED STORIES

Share it