malappuram local

ഭൂമി ഏറ്റെടുക്കല്‍ ഉടമകളുടെ അക്കൗണ്ടില്‍ പണം വന്നശേഷം മാത്രം: ജില്ലാ കലക്ടര്‍

മലപ്പുറം: ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ പണം വന്ന ശേഷം മാത്രമേ ദേശീയപാത വികസനത്തിനുഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ് ഉറപ്പുനല്‍കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വേ നടക്കുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലമെടുപ്പ് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക നീക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഭൂവുടമകളുടെ യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ ധാരണയായി. ജനങ്ങളുടെ എല്ലാ ആശങ്കകളും തീര്‍ക്കും.
ഏറ്റെടുക്കപ്പെടുന്ന ഭൂമിയുടെയും വസ്തുവകകളുടെയും നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞ് നവംബര്‍ അവസാനത്തോടെ മാത്രമേ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്നും നാളെയും മറ്റന്നാളുമായി വിളിച്ചുചേര്‍ക്കും. വെളിയങ്കോട് പൊന്നാനി പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലപ്പെട്ടി ഗവ. ഹൈസ്‌കൂളില്‍ നടക്കും. പൊന്നാനി നഗരസഭയിലെ ഭൂവുടമകളുടെ യോഗം നാളെ 2.30ന് പൊന്നാനി താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തവനൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് കാലടി, തവനൂര്‍ പഞ്ചായത്തുകളുടെ യോഗം.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ജനപ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായി ജില്ലാ കലക്ടര്‍ പറഞ്ഞു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയില്‍നിന്ന് വരുമാന നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ നേരത്തേ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നുവെന്നും കൂടുതല്‍ വ്യക്തത വരുത്തി വിശദമായ പത്രക്കുറിപ്പ് ഒരിക്കല്‍ കൂടി നല്‍കി ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കും. ദേശീയപാതയുടെ അലൈന്‍മെന്റ് നേരത്തേ ജനപ്രതിനിധികളെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. ഇതില്‍നിന്ന് യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കലക്ടര്‍ പറഞ്ഞു.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, പെരുമ്പടപ്പ്, വെളിയങ്കോട്, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍ ജെ  ഒ അരുണ്‍കുമാര്‍, ജി നിര്‍മല്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it