malappuram local

ഭൂമിയില്ലാത്ത പട്ടികവിഭാഗക്കാര്‍ക്കായി 84.97 ഏക്കര്‍ സ്ഥലം കണ്ടെത്തി

മലപ്പുറം: ജില്ലയില്‍ ഭൂമിയില്ലാത്ത പട്ടിക വിഭാഗക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 84.97 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഒമ്പത് പഞ്ചായത്തുകളില്‍ നിന്നായി 20 ഭൂവുടമകളുടെ അപേക്ഷകളാണ് ഭൂമി വിലയ്ക്ക് നല്‍കുന്നതിനായി ലഭിച്ചത്. നേരത്തെ പട്ടിക വര്‍ഗക്കാരെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി പണം നല്‍കി ഭൂമി ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍നിന്ന് ജില്ലാ കലക്ടര്‍ അപേക്ഷ സ്വീകരിച്ചിരുന്നു. മുത്തേടം, എടക്കര, ചുങ്കത്തറ, കുറുമ്പലങ്ങോട്, തഴെക്കോട്, വഴിക്കടവ്, എടപ്പറ്റ, ചോക്കാട്, പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തുകളിലാണ് ഭൂമി കണ്ടെത്തിയത്. ജില്ലയില്‍ ആകെ 767 ആദിവാസി കുടുംബങ്ങളാണ് ഭൂമിയില്ലാത്തവരായി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് നല്‍കാനായി കുറഞ്ഞത് 767 ഏക്കര്‍ സ്ഥലം തന്നെ ആവശ്യമാണ്. ഇതില്‍ 84.97 ഏക്കര്‍ സ്ഥലം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ലഭ്യമായ ഭൂമി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, വില്ലേജ് ഓഫിസര്‍, റേഞ്ച് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നേരിട്ട് പരിശോധിക്കും. പ്രസ്തുത സ്ഥലം പുനരധിവാസത്തിന് അനുയോജ്യമാണോ എന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കും. റിപോര്‍ട്ട് സപ്തംബര്‍ 30 നകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ജില്ലാ കലക്ടര്‍, ഡിഎഫ്ഒ, ജില്ലാ സര്‍വെ സൂപ്രണ്ട്, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വിശദമായ റിപോര്‍ട്ട് തയ്യാറാക്കും. റിപോര്‍ട്ട് തയ്യാറാക്കുമ്പോള്‍ വാസയോഗ്യവും ക്യഷിയോഗ്യവുമായ ഭൂമി, ഗതാഗത സൗകര്യം, വൈദ്യുതി, കുടിവെള്ള ലഭ്യത, ആദായ ലഭ്യത, നിരപ്പായ ഭൂമി എന്നി കാര്യങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പര്‍ച്ചേഴ്‌സ് കമ്മിറ്റിയും രൂപീകരിക്കും. പര്‍ച്ചേഴ്‌സ് കമ്മിറ്റിയാണ് ഭൂമിയുടെ വിലനിര്‍ണയം സംബന്ധിച്ച് അന്തിമ തിരുമാനമെടുക്കുക. ആദിവാസി പുനരധിവാസ വികസന മിഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മിഷന്റെ ജില്ലാ ചെയര്‍മാനാണ് ജില്ലാ കലക്ടര്‍. ഒരു കുടുംബത്തിന് ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി നല്‍കുന്നതിനാണ് മിഷന്‍ പദ്ധതി തയ്യാറാക്കുന്നത്. മിഷന്‍ സ്ഥലം വിലയ്‌ക്കെടുത്ത് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ എ നിര്‍മ്മല കുമാരി, ഡോ. ജെ ഒ അരുണ്‍, പട്ടിക വര്‍ഗ പ്രൊജക്ട് ഓഫിസര്‍ ടി ശ്രീകുമാരന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it