ernakulam local

ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ വീണ്ടും മുറിയാന്‍ സാധ്യതയെന്ന്

മരട്: ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താവിനിമയ കേബിള്‍ വീണ്ടും മുറിയാന്‍ സാധ്യത. ദേശീയപാതയുടെ അടിയിലൂടെ പോയിട്ടുള്ള കേബിള്‍ റോഡ്, പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും മുറിയാന്‍ സാധ്യതയുള്ളതായി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഏതിലൂടെയാണ് കേബിളുകള്‍ പോയിരിക്കുന്നതെന്ന് വ്യക്തമാവാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കുമ്പളത്തും കണ്ണാടിക്കാടും നേരത്തെ ഈ കേബിള്‍ മുറിഞ്ഞിരുന്നു.
കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് പ്രദേശത്തുള്ളവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതും വിനയായി. പാലം നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പാണ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഭൂഗര്‍ഭ വാര്‍ത്താവിനിമയ കേബിള്‍ കഴിഞ്ഞ ദിവസം മുറിഞ്ഞത് ആശങ്ക പരത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖലയാണ് മുറിഞ്ഞത്. ജങ്ഷന്‍ ബോക്‌സടക്കം മൂന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളില്‍ ഒരെണ്ണമാണ് മുറിഞ്ഞത്. കടലിനടിയിലൂടെയും ഭൂമിക്കടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താവിനിമയ കേബിളായ സീ-മീ-വീ ത്രീ ആണ് മുറിഞ്ഞത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെയും ഗള്‍ഫ് മേഖലയെയും ബന്ധിപ്പിക്കുന്ന കേബിളാണിത്. പെട്ടെന്നു തന്നെ ബദല്‍ ലൈനിലൂടെ സിഗ്‌നലുകള്‍ മാറ്റിവിട്ടിരുന്നു. കേബിള്‍ പൊട്ടുന്നത് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നതിനാല്‍ വിഎസ്എന്‍എല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിക്കുകയും ചെയ്തു.
ശ്രദ്ധയില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരകണമെന്നാണ് ആക്ഷേപം. ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കായിട്ടാണ് കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളാണ് വിവിധ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളില്‍ നിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നത്.

Next Story

RELATED STORIES

Share it