kozhikode local

ഭീഷണിയായ മരം മുറിക്കാന്‍ ഉത്തരവ്: ഫണ്ടില്ലെന്ന് പിഡബ്ല്യൂഡി

നാദാപുരം: വീടിനു ഭീഷണിയായ മരം മുറിച്ചു മാറ്റാന്‍ താഹസില്‍ദാരുടെ ഉത്തരവുണ്ടായിട്ടും പിഡബഌൂഡി അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം. ഫണ്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണിവര്‍ പറയുന്നത്. ഇതേസമയം കോമത്ത് താഴക്കുനി പൊക്കന്റെ കുടുംബം ഏതു നിമിഷവും വീടിനു മുകളിലേക്ക് പതിച്ചേക്കാവുന്ന കൂറ്റന്‍ ആല്‍മരത്തെ ഓര്‍ത്ത് തീ തിന്നു കഴിയുകയാണ്.
2017ല്‍ ആണ് പുറമേരി വില്ലേജിലെ കോമത്ത് താഴക്കുനി പൊക്കന്‍ തന്റെ വീടിനടുത്തായുള്ള പുറമേരി കുനിങ്ങാട് റോഡിലെ വലിയ ആല്‍ മരം വീടിനു മുകളിലേക്ക് ചാഞ്ഞിരിക്കയാണെന്നും ഏതു നിമിഷവും വീണ് വീട് തകര്‍ന്നേക്കുമെന്നും കാണിച്ച് വടകര താഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. താഹസില്‍ദാര്‍ അന്വേഷണം നടത്തി മരത്തിന്റെ ശാഖകള്‍ വീടിനു ഭീഷണിയാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ  അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ വടകര താഹസില്‍ദാര്‍ പി കെ സതീഷ്‌കുമാര്‍ മരത്തിന്റെ ശാഖകള്‍ മുറിച്ചുമാറ്റാന്‍ പിഡബഌൂഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് ഉത്തരവിട്ടു.  പതിനഞ്ച് ദിവസത്തിനകം തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു ഉത്തരവ്. ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 133(1) പ്രകാരം 2018 ജനവരി ഒന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ ഏഴു മാസം കഴിഞ്ഞിട്ടും പിഡബഌൂഡി അധികൃതര്‍ തയ്യാറായിട്ടില്ല.മരത്തിന്റെ ശാഖകകള്‍ മുറിച്ചു മാറ്റാനുള്ള ഫണ്ട് ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
ഇതേസമയം പൊതുമരാമത്ത് വകുപ്പ് റോഡില്‍ നില്‍ക്കുന്ന ആല്‍ മരം വീട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കനത്ത മഴയും ശക്തമായ കാറ്റും പതിവായതോടെ ഏതു നിമിഷവും ആല്‍ മരം വീടിനു മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നേക്കുമെന്ന സ്ഥിതിയാണ്. പ്രാണ ഭയം ഇല്ലാതെ വീടിനുള്ളില്‍ കഴിയാനുള്ള സ്ഥിതി വിശേഷം ഉണ്ടായിക്കിട്ടാന്‍ ആരെ സമീപിക്കണമെന്ന് അറിയാതെ ഭീതിയോടെ കഴിയുകയാണ് പൊക്കന്റെ കുടുംബം.
Next Story

RELATED STORIES

Share it