kozhikode local

ഭീഷണിക്ക് കീഴടങ്ങിയ എസ് ഹരീഷ് അവനവന്‍കടമ്പയെ ഓര്‍മ്മിപ്പിക്കുന്നു

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന മീശ എന്ന നോവല്‍ മതവര്‍ഗീയ വാദികളുടെ ഭീഷണി ഭയന്ന് ഇനി തുടരുന്നില്ലെന്ന് പ്രഖ്യാപിച്ച് കീഴടങ്ങിയ എസ് ഹരീഷ് പി എം താജിന്റെ അവനവന്‍കടമ്പ’ എന്ന നാടകത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നുവെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍. താനില്ലെങ്കില്‍ തന്റെ കുടുംബത്തിന് ആരുണ്ട് എന്ന് ചോദിച്ച് രംഗത്ത് നിന്ന് പിന്‍മാറുകയാണ് ഹരീഷ് ചെയ്തത്.
സ്വന്തം കാര്യം നോക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് പി എം താജ്് തന്റെ അവനവന്‍കടമ്പ എന്ന നാടകത്തിലൂടെ ആഹ്വാനം ചെയ്തതെന്നും മോഹനന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ പുരോഗമന കലാസാഹിത്യ സംഘം(പുകസ) ജില്ലാ കമ്മറ്റിയും പി എം താജ് അനുസ്മരണ സംഘാടക സമിതിയും സംഘടിപ്പിച്ച പി എം താജ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം കാര്യം മാറ്റിവച്ച് ത്യാഗം സഹിച്ചവരാണ് ഇടത് രാഷ്ട്രീയ, സാംസ്‌കാരിക കേരളത്തെ നിര്‍മിച്ചത്. കെ ടി മുഹമ്മദും തിക്കോടിയനും ചെറുകാടും പി ജെ ആന്റണിയും പി എം താജുമെല്ലാം എസ് ഹരീഷിനെപോലെ ‘അവനവന്‍കടമ്പ’യില്‍ തട്ടിനിന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു. കേരളീയരുടെ വളര്‍ച്ചക്ക് രാഷ്ട്രീയ ഇടതുപക്ഷം മാത്രം പോര സാംസ്‌കാരിക ഇടതുപക്ഷം കൂടി ശക്തിപ്പെടണമെന്ന്്് ആഗ്രരിച്ചവരാണ് ഈ കലാകാരന്‍മാരെല്ലാം.
ഇവരെപ്പോലെ ആയുസ് മുഴുവന്‍ സാമൂഹിക ഉന്നമനത്തിന് പ്രവര്‍ത്തിച്ച സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരാണ് പുരോഗമന കേരളത്തെ സൃഷ്ടിച്ചത്. പട്ടിണിയാണ് മനുഷ്യന്റെ പരമമായ പ്രശ്‌നമെന്ന് വിളിച്ച് പറഞ്ഞ കലാകാരനായിരുന്നു പി എം താജ്. കേരളത്തെ ഉഴുതു മറിച്ച രാഷ്ട്രീയ നാടകവേദിയുടെ അമരക്കാരില്‍ ഒരാളായിരുന്ന താജ് ദീര്‍ഘ ദര്‍ശിയാ കലാകാരനായിരുന്നുവെന്നും മോഹനന്‍ പറഞ്ഞു.
ചടങ്ങില്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ ജയപ്രകാശ് കാര്യാല്‍, മാധവന്‍ കുന്നത്തറ, സരസ ബാലുശ്ശേരി, കെ എസ് വെങ്കിടാചലം എന്നിവരെ പുരുഷന്‍ കടലുണ്ടി എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു. ടി വി ലളിത പ്രഭ, കെ ചന്ദ്രന്‍മാസ്റ്റര്‍, കോയമുഹമ്മദ്, പി സൗദാമിനി സംസാരിച്ചു. തുടര്‍ന്ന് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ‘കിച്ചണ്‍ തീസിസ്, നാടക കമ്പനി കോഴിക്കോടിന്റെ സോങ്ങ് ഓഫ് റസിസ്റ്റന്‍സ് എന്നീ നാടകങ്ങള്‍ അരങ്ങേറി.
Next Story

RELATED STORIES

Share it