Flash News

ഭീമ കൊരേഗാവ്: ഹിന്ദുത്വ നേതാവിന് എതിരായ ആറു കലാപ കേസുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഭീമ കൊരേഗാവില്‍ ദലിതുകള്‍ക്കെതിരേ നടന്ന ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹിന്ദുത്വ സംഘടനാ നേതാവ് സംഭാജി ബിഡെക്കെതിരായ ആറു കലാപക്കേസുകള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ പിന്‍വലിച്ചു.
അശുതോഷ് ഗൊവാരികറിന്റെ ബോളിവുഡ് ചിത്രം ജോധാ അക്ബറിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ മുംബൈയില്‍ നടന്ന വ്യാപക അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു മാത്രം നൂറിലേറെ കേസുകളാണ് പിന്‍വലിച്ചത്. സംഭാജി ബിഡെയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘടനയായ ശിവ് പ്രതിസ്താന്‍ ഹിന്ദുസ്ഥാന്‍, ബിജെപി, ആര്‍എസ്എസ് എന്നിവയുടെ പ്രവര്‍ത്തകരായ നൂറിലേറെ പേര്‍ക്കെതിരായാണ് കേസുകളുണ്ടായിരുന്നത്.
വിവരാവകാശ പ്രവര്‍ത്തകന്‍ ഷക്കീല്‍ അഹമ്മദ് ശെയ്ഖിനു ലഭിച്ച വിവരാവകാശ രേഖയിലാണ് കേസുകള്‍ പിന്‍വലിച്ചതായ വിവരങ്ങളുള്ളത്. സംഭാജിക്കെതിരേ ഭീമ കൊരേഗാവ് കലാപവുമായി ബന്ധപ്പെട്ടുള്ള കേസുകളും പിന്‍വലിച്ചതായി വിവരാവകാശ രേഖയിലുണ്ടെന്ന് ഷക്കീല്‍ അഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.
ജോധാ അക്ബറിനെതിരായ പ്രക്ഷോഭങ്ങളുടെ പേരിലുള്ള കേസുകളാണ് പിന്‍വലിച്ചതെന്നും ഭീമ കൊരേഗാവ് കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര സഹമന്ത്രി ദീപ് കെ സാര്‍ക്കര്‍ പറഞ്ഞു. ജോധാ അക്ബറിനെതിരായ പ്രതിഷേധ പരിപാടിക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിച്ച റിപോര്‍ട്ട് സ്ഥിരീകരിച്ച മന്ത്രി, ഈ കേസുകള്‍ പിന്‍വലിച്ചത് 2017ലാണെന്നും പറഞ്ഞു.
2008ലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു സംഭാജിനും സഹപ്രവര്‍ത്തകന്‍ ഹനുമന്ത് പവാറിനുമെതിരേ കേസ്. ഇതുമായി ബന്ധപ്പെട്ട് കലാപം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മറ്റ് 92 പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിട്ടുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലും സംഭാജി അടക്കം 40 പേര്‍ പ്രതികളായിരുന്നു. ഇതും പിന്‍വലിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.
2016 ആഗസ്തില്‍ ഒന്നരലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രീയ, മതസംഘടനകളുടെ പരിപാടികളുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണക്കേസുകളായിരുന്നു ഇവയില്‍ കൂടുതലും. കഴിഞ്ഞവര്‍ഷം മന്ത്രിസഭാ ഉപസമിതി പിന്‍വലിക്കേണ്ട കേസുകളുടെ അന്തിമ പട്ടിക തയ്യാറാക്കി. ഇതിനു പിന്നാലെ ഇവ പിന്‍വലിക്കാനുള്ള ഉത്തരവുകളും സര്‍ക്കാര്‍ ഇറക്കി.
തുടര്‍ന്നാണ് ഏതെല്ലാം കേസുകളാണ് പിന്‍വലിച്ചതെന്നു ചോദിച്ച് ഷക്കീല്‍ അഹമ്മദ് സംസ്ഥാന ആഭ്യന്തരവകുപ്പിന് ആര്‍ടിഐ അപേക്ഷ നല്‍കിയത്.



Next Story

RELATED STORIES

Share it