kozhikode local

ഭീതിപരത്തി വിദ്യാലയത്തില്‍ തെരുവ് നായ; മൂന്നുപേര്‍ക്ക് കടിയേറ്റു

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് എയുപി സ്‌കൂളില്‍ ഭീതി പരത്തി തെരുവ് നായയുടെ ആക്രമണം. സ്‌കൂളില്‍ എത്തിയ നായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്‌കൂളില്‍ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന ബൈജു മാട്ടു മുറി, ബാലന്‍ ചേന്ദമംഗല്ലൂര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
രാവിലെ 9 മണിയോടെ സ്‌കൂളിലെത്തിയ നായ വിദ്യാര്‍ഥികളെ ഓടിക്കുകയും കിടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അതിനിടെ ഒരു വിദ്യാര്‍ഥിനിയെ ഓടിച്ച് കടിക്കാന്‍ ശ്രമിക്കുന്നതിനിടെ അവിടെ നിര്‍മാണ പ്രവൃത്തിയിലേര്‍പ്പെട്ട ബൈജുവും ബാലനും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കടിയേറ്റത്. അധ്യാപകരും വിദ്യാര്‍ഥികളും ഭീതിയിലായതോടെ കുട്ടികളെ ക്ലാസില്‍ കയറ്റി വാതിലടക്കുകയായിരുന്നു.
പല വിദ്യാര്‍ഥികള്‍ക്കും പ്രഭാത ഭക്ഷണം പോലും നല്‍കാനായില്ല. പരിക്കേറ്റവരെ മുക്കം സിഎച്ച്‌സിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അതിനിടെ സ്‌കൂളില്‍ നിന്ന് പുറത്ത് കടന്ന നായ പന്നിക്കോട് അങ്ങാടിയിലെത്തി ഒരാളെ കൂടി കിടക്കുകയും ചെയ്തു. ഇതോടെ സ്‌കൂളധികൃതര്‍ മുക്കം പോലിസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരെ ബന്ധപ്പെട്ടങ്കിലും അവര്‍ കൈമലര്‍ത്തി. പ്രശ്‌നം രൂക്ഷമായതോടെ പഞ്ചായത്തധികൃതര്‍ ഇടപെടുകയും തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നായയെ പിടികൂടുകയുമായിരുന്നു.



Next Story

RELATED STORIES

Share it