malappuram local

ഭിന്നശേഷി വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തിന് പരിഹാരം

മഞ്ചേരി: പുല്‍പ്പറ്റ പഞ്ചായത്തിലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരമാവുന്നു. ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ പാകപിഴവുകള്‍ പരമാവധി നികത്താനും, അടുത്ത അധ്യയന വര്‍ഷം എംആര്‍ വിഭാഗത്തിലുള്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും 28,500 രൂപയും ബാക്കിയുള്ളവര്‍ക്ക് അവരവരുടെ ശാരീരികാവസ്ഥയനുസരിച്ചുള്ള തുകയും സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കാനുമാണ് തീരുമാനം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 28,500 രൂപ പഠനത്തിനായി നല്‍കുന്നതിന് പകരം  4,000 രൂപ മാത്രം വിതരണം ചെയ്തത് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഗ്രാമപ്പഞ്ചായത്തിന് തെറ്റ് തിരുത്തേണ്ടിവന്നത്.
ഭിന്നശേഷിക്കാരുടെ ക്ഷേമ ഫണ്ടില്‍ വ്യാപകമായ അഴിമതി നടക്കുന്നതായി നേരത്തെ ആരോപണം ശക്തമാണ്. തുക വിതരണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭയും രക്ഷിതാക്കളുടെ ഇടപെടലോടെ അലങ്കോലമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന്് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരേ പിന്നീട് അധികൃതരുടെ മലക്കം മറിച്ചിലാണ് പിന്നീട് കണ്ടത്. ഇതു സംബന്ധിച്ചു വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന പത്രക്കുറിപ്പിറക്കുകയായിരുന്നു. എങ്കിലും പ്രതിഷേധം കനത്തതോടെ പ്രശ്‌നം പരിഹരിക്കാന്‍ യോഗം വിളിക്കുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്തധികൃതരും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ രൂപം നല്‍കിയ സംഘടനയായ പരിവാറിന്റെ ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ സംയുക്തമായി 28 ലക്ഷം രൂപ അടുത്ത വര്‍ഷത്തേക്ക് ഈയിനത്തില്‍ ലക്ഷ്യംവയ്ക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതിലേക്ക് പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്ത് മാത്രം 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന ബഡ്‌സ് സ്‌കൂളിനുവേണ്ടി 16 ലക്ഷവും ശ്രവണ സഹായി വിതരണത്തിന് ഒന്നര ലക്ഷം രൂപയും ഇപ്പോള്‍ തന്നെ അടുത്ത വര്‍ഷത്തേക്ക് വകയിരുത്തിയിട്ടുണ്ട്.
പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സൈനബ, വൈസ് പ്രസിഡന്റ് പി സി അബ്ദുര്‍റഹ്മാന്‍, അംഗം എം സി കബീര്‍, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് എം സി ബാവ, പരിവാര്‍ പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ഇ റസാഖ്, കോ-ഓഡിനേറ്റര്‍ ജലീല്‍എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it