kozhikode local

ഭാഷകള്‍ തമ്മില്‍ സാംസ്‌കാരിക പാലം പണിയണം: ഡോ. എം എം ബഷീര്‍

കോഴിക്കോട്: വിനിമയങ്ങള്‍ സാധ്യമാവുന്ന തരത്തില്‍ ഭാഷകള്‍ തമ്മില്‍ സാംസ്‌കാരിക പാലങ്ങള്‍ ഉണ്ടാക്കണമെന്നും അതിനായി ആ മേഖലയില്‍ കഴിവുതെളിയിച്ചവരുടെ പരിഭാഷാ സംഘങ്ങള്‍ രൂപീകരിക്കണമെന്നും സാഹിത്യ നിരൂപകന്‍ ഡോ എം എം ബഷീര്‍.സാംസ്‌കാരിക വിനിമയ ഉപാധിയായി അറബി സാഹിത്യത്തെ സ്വീകരിക്കാത്തതാണ് വെറുമൊരു മതഭാഷയായി അറബി മാറാന്‍ കാരണമായത്. അതേസമയം ലോക സാഹിത്യത്തില്‍ അറബിക്ക് ഉദാത്ത സ്ഥാനമാണുള്ളത്. അതുകൊണ്ട്തന്നെ പല ഭാഷകളിലും അറബി കൃതികള്‍ ഇങ്ങോട്ടും തിരിച്ചും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പരിഭാഷകള്‍ മികച്ചതാവണമെങ്കില്‍ മൂലഭാഷയിലും ലക്ഷ്യഭാഷയിലും അറിവുണ്ടാവണം. എന്നാല്‍, പല കൃതികളും ഇത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഓഫ് ഇന്‌ഡോ അറബ് കള്‍ച്ചറല്‍ റിലേഷന്‍സ് സംഘടിപ്പിച്ച ഇന്തോ-അറബ് സാംസ്‌കാരിക വിനിമയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ വരുന്നതിന് മുമ്പ് തന്നെ അറബി സാഹിത്യകൃതികളാല്‍ സമ്പന്നമായിരുന്നു. അറബിയില്‍ നിന്ന് മലയാളത്തിലേക്കു ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിന്ന അറബിയിലേക്ക് വളരെ കുറച്ച് കൃതികള്‍ മാത്രമേ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു. 2017ലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ റിലേഷന്‍ അവാര്‍ഡ് പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ ഒ വി ഉഷയും വിവര്‍ത്തകര്‍ എസ് എ ഖുദുസിയും ഏറ്റുവാങ്ങി. ഡോ ഹുസൈന്‍ മടവൂര്‍ അധ്യക്ഷതവഹിച്ചു. വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പി മുഹമ്മദ് കുട്ടശ്ശേരി, പ്രഫ ദേശമംഗലം രാമകൃഷ്ണന്‍, വി എ കബീര്‍, പി കെ പാറക്കടവ് എന്നിവരെ ഡോ ഇ കെ അഹമ്മദ് കുട്ടി പൊന്നാട ചാര്‍ത്തി ആദരിച്ചു.
Next Story

RELATED STORIES

Share it