Flash News

ഭാഗ്യം തുണച്ചു; മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലിന് ജയം

ഭാഗ്യം തുണച്ചു; മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലിന് ജയം
X

മോസ്‌കോ: ഗ്രൂപ്പ് ബിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട വിജയം പിടിച്ചത്. നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടെത്തിയത്. കളി മികവില്‍ പോര്‍ച്ചുഗലിനേക്കാള്‍ മൊറോക്കോ ആധിപത്യം പുലര്‍ത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 54 ശതമാനം സമയം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന മൊറോക്കോ 16 തവണയാണ് ഗോള്‍ ശ്രമം നടത്തിയെങ്കിലും ഒരു തവണ പോലും ലക്ഷ്യം കണ്ടെത്താനായില്ല.
നിര്‍ണായക പോരാട്ടത്തില്‍ 4-4-2 ഫോര്‍മാറ്റില്‍ പോര്‍ച്ചുഗല്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു മൊറോക്കോ കളത്തിലിറങ്ങിത്. വെള്ള നിറത്തിലുള്ള രണ്ടാം ജഴ്‌സിയില്‍ ഇറങ്ങിയ പറങ്കിപ്പട കളി തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെഅക്കൗണ്ട് തുറന്നു. കോര്‍ണര്‍കിക്കിലൂടെ ലഭിച്ച പന്തിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാലാം ഗോളായിരുന്നു ഇത്. തുടക്കത്തിലേ തന്നെ ലീഡ് വഴങ്ങിയെങ്കിലും പോരാട്ടം കൈവിടാതെയായിരുന്നു മൊറോക്കോയുടെ മുന്നേറ്റം. പോര്‍ച്ചുഗല്‍ നിരയ്ക്ക് പന്ത് നല്‍കാതെ മനോഹരമായി പന്ത് തട്ടിയ മൊറോക്കോ പലതവണ പോര്‍ച്ചുഗല്‍ ഗോള്‍മുഖം വിറപ്പിച്ചു.  10ാം മിനിറ്റില്‍ മുബാറക്ക് ബൊഫൂസിയയുടെ ഹെഡ്ഡര്‍ ശ്രമം ലക്ഷ്യം കാണാതെ പോയി. 13ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനെ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചുവിടാനുള്ള മാനുവല്‍ ഡി കോസ്റ്റയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല. പോര്‍ച്ചുഗല്‍ നിരയുടെ ഗോള്‍മുഖത്തേക്ക് നിരന്തരം മൊറോക്കോ പന്തെത്തിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം അകന്നുപോയി. പിന്നീട് 32ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീ കിക്ക്. ബോക്‌സിന് തൊട്ടടുത്ത് നിന്ന് കിക്കെടുത്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. റൊണാള്‍ഡോയുടെ ഷോട്ട് മൊറോക്കോ പ്രതിരോധത്തെ തട്ടി തകരുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ മൊറോക്കോയുടെ കൗണ്ടര്‍ അറ്റാക്ക്. 34ാം മിനിറ്റില്‍ മൊറോക്കോ താരം കരിം എല്‍ അഹ്മദി തൊടുത്ത മിന്നല്‍ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തുപോയി. ആദ്യ പകുതിയില്‍ മൂന്ന് മിനിറ്റ് അധിക സമയം ലഭിച്ചെങ്കിലും മൊറോക്കോയ്ക്ക് ഗോള്‍മടക്കാന്‍ കഴിയാതെ വന്നതോടെ 1-0ന് ആദ്യ പകുതി പോര്‍ച്ചുഗലിന് സ്വന്തം.
രണ്ടാം പകുതിയിലും പറങ്കിപ്പടയെ വിറപ്പിക്കുന്ന പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. 51ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. 57ാം മിനിറ്റില്‍ മൊറോക്കോയുടെ അമ്രബാതിന്റെ ഗോളെന്നുറപ്പിച്ച ഷോട്ടിനെ പോര്‍ച്ചുഗല്‍ ഗോള്‍ പാട്രീഷ്യോ തട്ടിത്തെറിപ്പിച്ചു. 59ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ടീമില്‍ മാറ്റം കൊണ്ടുവന്നു. ഗെല്‍സണ്‍ മാര്‍ട്ടിന്‍സിനെ തിരിച്ച് വിളിച്ച് പകരം ബെര്‍ണാഡോ സില്‍വയ്ക്ക് അവസരം നല്‍കി. 84ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന് റൊണാള്‍ഡോ ഫ്രീകിക്കെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. നിശ്ചിത സമയത്തിന് പിന്നാലെ അഞ്ച് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും പോര്‍ച്ചുഗല്‍ വലകുലുക്കാന്‍ മൊറോക്കോയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പട റഷ്യന്‍ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനോട് 3-3 സമനില വഴങ്ങിയിരുന്നു. അതേ സമയം രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യമല്‍സരത്തില്‍ ഇറാനോടാണ് മൊറോക്കോ തോല്‍വി വഴങ്ങിയത്.
Next Story

RELATED STORIES

Share it