ഭാഗവതരുടെ നുണപ്രചാരണം

അഡ്വ. എം എം റഫീഖ്

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ 50 രാജ്യങ്ങളിലെ പ്രതിനിധികളും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കുമെന്നവകാശപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്താണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച ആര്‍എസ്എസിന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്.
1925ല്‍ രൂപീകൃതമായ സംഘത്തിന് രാജ്യം ഭരിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോഴാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ടവരോടെങ്കിലും സംസാരിക്കാന്‍ ധൈര്യമുണ്ടായത്, അല്ലെങ്കില്‍ ഗതികേടുണ്ടായത്. മൂന്നുദിവസമായി നടന്ന സംസാരത്തിന്റെ ഒടുവിലത്തെ ദിവസം ചോദ്യോത്തരത്തിനു വേണ്ടി നീക്കിവച്ചിരിക്കുകയായിരുന്നു. ഓരോ ചോദ്യത്തിനും സര്‍സംഘ്ചാലക് നല്‍കുന്ന മറുപടി കേട്ട് സദസ്സ് മുഴുവനായി ഹര്‍ഷാരവം മുഴക്കുന്നത് കേട്ടാലറിയാം, ചോദ്യകര്‍ത്താവിന്റെയും സദസ്സിന്റെയും മനസ്സും ചിന്തയും.
എന്തായാലും രൂപീകരണശേഷം 80 വര്‍ഷം കഴിഞ്ഞപ്പോഴെങ്കിലും ജനങ്ങളോട് സംസാരിക്കണമെന്ന് ആര്‍എസ്എസിന് തോന്നിത്തുടങ്ങി എന്നു കരുതുന്നത് അളവില്‍ കവിഞ്ഞ പ്രതീക്ഷയാണ്. ക്ഷണിക്കപ്പെട്ട ആളുകള്‍ക്കു മാത്രമായിരുന്നു പ്രവേശനമെന്നു മാത്രമല്ല, മാധ്യമപ്രവര്‍ത്തകരില്‍ നിന്നുപോലും അളന്നുതൂക്കിയേ ആളുകളെ എടുത്തുള്ളൂ. ഇതിന്റെ തുടര്‍ച്ചയായോ വിപുലീകരണമായോ ഇനി ഒരുതരത്തിലുള്ള പ്രഭാഷണങ്ങളും നടക്കാനിടയുമില്ല.
കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഭരണഘടനയോ പ്രവര്‍ത്തന രൂപരേഖയോ ഇല്ലാത്ത സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം എന്നും എപ്പോഴും മാറ്റിപ്പറയാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതില്‍ നിന്നു വേണം മോഹന്‍ഭാഗവതിന്റെ വാക്കുകളെ വിലയിരുത്താന്‍. ആര്‍എസ്എസുകാരനാണെന്ന് തെളിയിക്കാന്‍ യാതൊരു രേഖയും ലഭ്യമല്ലാത്തതുകൊണ്ട് രാജ്യത്ത് അക്രമം നടത്തുകയോ സര്‍സംഘ്ചാലകിന്റെ വാക്കിനെതിരേ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവന് ഏതെങ്കിലും ആശ്രിതസംഘങ്ങളിലുള്‍പ്പെടുത്തി രക്ഷപ്പെടാനും പഴുതേറെയുണ്ട്. സനാതന്‍ സന്‍സ്ഥയെന്നോ, ഹനുമാന്‍സേനയെന്നോ തരാതരം മറ്റു പേരുകളിലോ അഭയം തേടാന്‍ ഏറെ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.
വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ചാല്‍ മാത്രമേ രാജ്യത്തിനു നിലനില്‍ക്കാനാവൂ എന്ന് വലിയവായില്‍ സംസാരിക്കുന്നുണ്ട് സര്‍സംഘ്ചാലക്. വസുധൈവ കുടുംബകം, ബന്ധുഭാവ് എന്ന ചില സംസ്‌കൃതപദങ്ങളൊക്കെ അദ്ദേഹം അതിനായി ഉദ്ധരിക്കുകയുമുണ്ടായി. ഒരുമണിക്കൂറിലധികം സമയം ഈ ചേര്‍ത്തുപിടിത്തത്തിനാണ് അദ്ദേഹം ചെലവഴിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു ഹിന്ദുവിനെയാണ് അദ്ദേഹം അവിടെ അവതരിപ്പിച്ചത്. അല്ലാത്തവന്‍ ഹിന്ദുവല്ലെന്നൊരു ധ്വനി അതിലുണ്ടായിരുന്നു. ഹിന്ദുവിനെക്കുറിച്ച് സംസാരിക്കാന്‍ സംഘപരിവാരത്തിന് എന്തധികാരമെന്ന് പൊതുഹിന്ദുവോ ഹിന്ദുസംഘടനകളോ ചോദിക്കാത്തിടത്തോളം ഈ കുത്തകവല്‍ക്കരണം തുടരുക തന്നെ ചെയ്യും. അതുതന്നെയാണ് ഒരു സമൂഹമെന്ന നിലയില്‍ ഹിന്ദുവിഭാഗത്തിന് പുരോഗതിയുണ്ടാവാതിരിക്കാന്‍ കാരണവും.
ആള്‍ക്കൂട്ടക്കൊലയുടെയും കലാപങ്ങളുടെയും വംശഹത്യയുടെയും ചോരക്കറ ഏറെ പുരണ്ട കൈകള്‍ സംരക്ഷിച്ചുനിര്‍ത്തുന്ന സര്‍സംഘ്ചാലക് എന്ന കസേരയില്‍ ഇരുന്നുകൊണ്ട് അദ്ദേഹം അങ്ങനെത്തന്നെ പറയണം. അഖ്‌ലാഖിന്റെയും അഫ്‌റാസുലിന്റെയും ഘാതകര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത് ടിക്കറ്റില്‍, ആരുടെ ആശിര്‍വാദത്തോടെയാണ് മല്‍സരിക്കുകയെന്നു കണ്ടറിയണം. സുഹ്‌റബുദ്ദീന്റേതടക്കം നിരവധിപേരുടെ ചോരപുരണ്ട കൈകളുടെ ഉടമ വലതുവശത്തും ഇഹ്‌സാന്‍ ജഫ്‌രിയുടേതടക്കം നൂറുകണക്കിനാളുകളുടെ ശരീരവും മാനവും കശക്കിയെറിഞ്ഞ കൈകളുടെ ഉടമ ഇടതുവശത്തും നിന്ന് ഇസഡ് പ്ലസ് സുരക്ഷയൊരുക്കിത്തരുമ്പോള്‍ ചിലര്‍ക്കെങ്കിലും നിശ്വാസമുതിര്‍ക്കാനും ഒന്നുകൂടി ചേര്‍ന്നുനില്‍ക്കാനും ഈ വാക്കുകള്‍ സഹായിച്ചേക്കാം.
ഇത്തരം ചോദ്യങ്ങള്‍ പൊതുജനം ചോദിച്ചേക്കാമെന്ന ആശങ്കയില്‍ നിന്നാണ് ഒരുമുഴം മുന്നേ മോഹന്‍ ഭാഗവത് നീട്ടിയെറിഞ്ഞത്. അതായത് ആര്‍എസ്എസിന് രാഷ്ട്രീയമില്ല, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല, ആര്‍എസ്എസിന്റെ സ്ഥാനങ്ങള്‍ വഹിക്കുന്നവരാരും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഭാരവാഹികളാവില്ല, രാജ്യത്തിന്റെ പ്രയാണമല്ലാതെ സര്‍ക്കാരിലോ ഭരണത്തിലോ ആര്‍എസ്എസിന് യാതൊരു താല്‍പര്യവുമില്ല എന്നൊക്കെയായിരുന്നു ആ നീട്ടിയെറിയല്‍. രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന ആളുകള്‍ സ്വയംസേവകരല്ലേയെന്നു ചോദിച്ചാല്‍ അവര്‍ക്കൊന്നും ആര്‍എസ്എസില്‍ സ്ഥാനങ്ങളുണ്ടായിരുന്നില്ല എന്നാവും മറുപടി. കേരളത്തില്‍ ബിജെപി പ്രസിഡന്റായി കുമ്മനം രാജശേഖരനെ കൊണ്ടുവന്നത് ആര്‍എസ്എസുമായി കൂട്ടിക്കെട്ടാനാവില്ലല്ലോ. കാരണം, കുമ്മനം ഹിന്ദു ഐക്യവേദിയുടെ നേതാവായിരുന്നു; ആര്‍എസ്എസിന്റേതല്ലല്ലോ. അവസാനം ആര്‍എസ്എസിന്റെ വക്താവായിരുന്ന രാംമാധവ് എങ്ങനെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായെന്നു ചോദിച്ചാല്‍ അതിനുമുണ്ട് മറുപടി, ഏറെ ചിന്തോദ്ദീപകവും ആര്‍എസ്എസിന് നമോനമോ പാടിപ്പോവുന്നതുമായ മറുപടി. അതായത് ഏത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാലും അവര്‍ക്കാവശ്യമായ 916 പരിശുദ്ധിയുള്ള ദേശഭക്തരെ നല്‍കാന്‍ സംഘം സുസജ്ജമാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ ബിജെപിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരം അന്വേഷിക്കേണ്ടത് മറ്റ് രാഷ്ട്രീയക്കാരാണത്രേ. ഇത്രയും അതുല്യരായ രാഷ്ട്രഭക്തരെയും ഗോപൂജകരെയും ട്രൗസര്‍ധാരികളെയും ഇത്തരത്തില്‍ പടച്ചുവിട്ടിട്ടും അവരുടെ സേവനം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായില്ലെങ്കില്‍ ഹാ! കഷ്ടമെന്നാണ് ഭാഗവതം.
മോദി അധികാരമേറ്റയുടനെ വന്ന റിപബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിച്ച ഒരു പത്രപരസ്യം നല്‍കിയിരുന്നു. ആ ചിത്രത്തില്‍ സെക്കുലറിസം, സോഷ്യലിസം എന്നീ പദങ്ങള്‍ കാണാതെപോയത് തന്റേതല്ലാത്ത കാരണത്താലാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാലിപ്പോള്‍ അവ രണ്ടുമുള്ള ഭരണഘടനയെ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നാണ് ശ്രീമാന്‍ ഭാഗവത് പറയുന്നത്. തഞ്ചംകിട്ടുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഭരണഘടനയ്ക്കും ദേശീയപതാകയ്ക്കും ദേശീയനേതാക്കള്‍ക്കുമെതിരേ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ ആളുകളെ വിവിധ ബാനറുകള്‍ക്കു കീഴില്‍ അണിനിരത്തിയ ശേഷമാണ് സര്‍സംഘ്ചാലക് ഇതു പറയുന്നത്.
സ്വാതന്ത്ര്യസമരവും പ്രസംഗത്തിനിടയില്‍ ആവേശം വിതച്ചു കടന്നുവരുകയുണ്ടായി. സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസിന്റെ പങ്കിനെപ്പറ്റി പറയുമ്പോള്‍ സ്ഥാപകനായിരുന്ന കെ ബി ഹെഡ്‌ഗേവാര്‍ അന്ന് അനുശീലന്‍ സമിതിയുമായും കോണ്‍ഗ്രസ്സുമായും ചേര്‍ന്നുനില്‍ക്കുകയായിരുന്നെന്നും അതിലൂടെ രാഷ്ട്രത്തിനുവേണ്ടി പോരാടുകയായിരുന്നുവെന്നും പറയും. കോണ്‍ഗ്രസ്സിനെ പറഞ്ഞാല്‍ രണ്ടുണ്ട് കാര്യമെന്ന് കുശാഗ്രബുദ്ധിക്കാരായ സംഘ് പ്രവര്‍ത്തകര്‍ക്കറിയാം. ഒന്ന്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സിനെ സംഘ്ചാലക് കലവറയില്ലാതെ ഉദ്ധരിച്ചെന്ന് എ കെ ആന്റണി പറഞ്ഞ രാത്രിയിലെ ശാഖാപ്രവര്‍ത്തകരായ പകല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ആശ്വസിക്കുകയും ആവേശഭരിതരാവുകയുമാവാം. ഒപ്പം, അന്ന് ഞങ്ങളൊക്കെ കോണ്‍ഗ്രസ്സായിരുന്നു എന്ന ഒറ്റവാക്കില്‍ ബ്രിട്ടിഷ് പട്ടാളത്തിന് മാപ്പെഴുതി രക്ഷപ്പെട്ട വാജ്‌പേയിയെയും സവര്‍ക്കറെയും രക്ഷിച്ചെടുക്കുകയുമാവാം. 1925ല്‍ രൂപീകരിച്ച് സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള 22 വര്‍ഷം ആര്‍എസ്എസ് എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ സംതൃപ്തിയോടെ കൈയടി വാങ്ങി കണ്ണുംപൂട്ടി പാലുകുടിക്കാനാവുന്ന മാജിക്.
ചോദ്യോത്തര സെഷനിലൂടെ അദ്ദേഹം മിശ്രവിവാഹം, മതപരിവര്‍ത്തനം, ജാതി, സംവരണം എന്നിവയ്‌ക്കൊക്കെ മറുപടി നല്‍കി കൈയടി വാങ്ങി. മിശ്രവിവാഹിതരുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതലുണ്ടാവുക ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നായിരുന്നു അതിലൊന്ന്. ആരൊക്കെയാണ് ആര്‍എസ്എസ് എന്നും അവര്‍ എവിടെയൊക്കെയുണ്ടെന്നറിയാത്തതുകൊണ്ടും മെംബര്‍ഷിപ്പ് വ്യവസ്ഥയോ യോഗമിനുട്‌സോ ഇല്ലാത്തതുകൊണ്ടും ഈ കണക്ക് ശരിയാവാനാണിട. സംവരണ സമുദായങ്ങള്‍ ആവശ്യപ്പെടുന്നതുവരെ സംവരണം അവസാനിപ്പിക്കരുതെന്നാണ് മറ്റൊരു ഗീര്‍വാണം. ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയുടെ തീരുമാനത്തിനൊപ്പിച്ച് ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് സംവരണത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനമാവാമെന്നു പറഞ്ഞ അതേ നാവാണ് വിജ്ഞാന്‍ഭവനില്‍ തിരിഞ്ഞുപോയത്. സംഘത്തിന്റെ ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യയ്ക്കും ഇതൊക്കെ അവസാനിപ്പിക്കാനായെന്ന മട്ടായിരുന്നു. അന്നവിടെ താങ്കള്‍ ഇതല്ലല്ലോ പറഞ്ഞതെന്ന് ചോദിച്ചാല്‍ തിരിച്ചുപോകാനാവില്ലെന്ന് ഉറപ്പുള്ളതു കാരണമാവാം, വിജ്ഞാന്‍ ഭവനില്‍ ഉപചോദ്യങ്ങള്‍ ഉയര്‍ന്നതായി അറിവില്ല. കേരളത്തില്‍ എന്‍എസ്എസ് ഉയര്‍ത്തിയിരിക്കുന്ന സംവരണവിരുദ്ധ നിലപാടിനോടും ഹരജിയോടും ആര്‍എസ്എസ് നിലപാട് എന്തായിരിക്കുമോ ആവോ? വിഷയം രാഷ്ട്രീയമാണെങ്കിലും രാഷ്ട്രത്തിന്റെ പ്രയാണവുമായി ബന്ധപ്പെട്ടുള്ളതാകയാല്‍ കേരളത്തിലെ ഭാഗവതക്കാര്‍ സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം.
മോഹന്‍ ഭാഗവതിനോടുള്ള ഒരു ചോദ്യം, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഹിന്ദു ജനസംഖ്യ തകരുന്നതും ഒരു ജനസംഖ്യാ സന്തുലിതത്വം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു. യഥാര്‍ഥ സംഘ്പുത്രന്‍ വെളിയില്‍ ചാടിപ്പോയ രംഗങ്ങളില്‍ ഒന്നായിരുന്നു അത്. ലോകത്താകെയും ജനസംഖ്യാ സന്തുലിതത്വം ഒരു പ്രധാന സംഗതി തന്നെയാണെന്നു പറഞ്ഞ ശേഷം, ഒരു ജനസംഖ്യാ നയം രൂപീകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം ഉറക്കെപ്പറഞ്ഞത്. ആരെയും ഒഴിവാക്കാത്ത തരത്തിലുള്ള ഒരു നയമായിരിക്കണം അതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കരഘോഷത്തോടെയാണ് സദസ്സ് ശ്രവിച്ചത്.
ജനസംഖ്യാ പ്രശ്‌നം നിലനില്‍ക്കുന്ന പ്രദേശത്താണത്രേ ഇത് ആദ്യം നടപ്പാക്കേണ്ടത്. അതായത്, കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുകയും അവരെ വളര്‍ത്താന്‍ സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലത്ത്. സ്ഥലം എന്ന വാക്കിനു പകരം വേറെയെന്തൊക്കെ മാറ്റിവയ്ക്കാനാവുമെന്ന് കൂടുതല്‍ ആലോചിക്കാതെത്തന്നെ മനസ്സിലാക്കാനാവും.
ആദ്യ ദിവസം തന്നെ, സമ്പൂര്‍ണ ഹിന്ദുസമാജത്തെ സംഘടിപ്പിക്കാനാണ് ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചതെന്ന് സര്‍സംഘ്ചാലക് വ്യക്തമാക്കുകയുണ്ടായി. അതേസമയം, ഹിന്ദുസമാജം എന്ന വാക്ക് 'സമ്പൂര്‍ണ' ചേര്‍ത്ത് ഡിജിറ്റലൈസ് ചെയ്യാന്‍ ഭാഗവത് പിന്നീട് ശ്രമിക്കുന്നുണ്ട്. ഭരണഘടന പ്രകാരം തന്നെ സിഖ്, ജൈന, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ക്രിസ്ത്യാനിക്കും മുസ്‌ലിമിനും അതായിക്കൂടാ, മുസ്‌ലിംകളുടെ മുന്‍ഗാമികള്‍ ഹിന്ദുക്കളായിരുന്നില്ലേ, മുസ്‌ലിംകളെ കൂടി ഉള്‍ക്കൊള്ളാതെ ഹിന്ദുത്വം എങ്ങനെ പൂര്‍ണമാവാനാണ് എന്നിങ്ങനെയാണ് ആ ഡിജിറ്റലൈസേഷന്‍.
എങ്ങനെയായിരിക്കും ഈ ഉള്‍ക്കൊള്ളല്‍ എന്നതിന് തേനൊഴുകുന്ന വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ സംഘത്തിനു കഴിയും. അതിനേക്കാള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഗുജറാത്തിലേക്കോ ബോംബെ, കോയമ്പത്തൂര്‍, നെല്ലി, മുസഫര്‍നഗര്‍ എന്നീ സ്ഥലങ്ങളിലേക്കോ അതുമല്ലെങ്കില്‍ ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, അഫ്‌റാസുല്‍, ജുനൈദ്, റിയാസ് മൗലവി, ഫഹദ്, ഫൈസല്‍ എന്നിവരുടെ വീടുകളിലേക്കോ നോക്കിയാല്‍ മതി. അതുമല്ലെങ്കില്‍ മഅ്ദനി, സകരിയ, ഹാദിയ, ടീസ്ത സെറ്റല്‍വാദ് എന്നിവരോട് അന്വേഷിച്ചാലും മതിയാവുന്നതാണ്. അവര്‍ക്കാവുമ്പോള്‍ മറുപടി കൃത്യമായും വെള്ളം ചേര്‍ക്കാതെയും പറഞ്ഞുതരാനാവും.
പക്ഷേ, അതിനിടയിലും രാമക്ഷേത്രം ഉടനെ ഉയരണമെന്ന് ഉള്‍വിളി വന്നിട്ടെന്നോണം ഭാഗവത് പ്രഖ്യാപിക്കുന്നുണ്ട്. അന്യരെ സോപ്പിട്ടു സോപ്പിട്ട് ഒടുവില്‍ സ്വന്തക്കാരെ മറന്നുപോവരുതല്ലോ. ഹിന്ദുത്വം മുസ്‌ലിംകളെ ഇത്തരത്തില്‍ വിശാലമായി ഉള്‍ക്കൊണ്ട സ്ഥിതിക്ക് രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കളുടെ വികാരം മുസ്‌ലിംകളും ഉള്‍ക്കൊള്ളണമെന്നേ സംഘത്തിനു പറയാനുള്ളൂ. ന്യൂനപക്ഷമെന്ന പദം ബ്രിട്ടിഷുകാര്‍ കൊണ്ടുവന്നതാകയാല്‍ സംഘം അതംഗീകരിക്കുന്നില്ല. അതോടൊപ്പമുള്ള സൗകര്യങ്ങള്‍ സംഘം തിരിച്ചുവാങ്ങും. കാരണം, സമ്പൂര്‍ണ ഹിന്ദുസമാജം വന്നാല്‍ പിന്നെ എന്തു ന്യൂനപക്ഷം, എന്തു ഭൂരിപക്ഷം?
ഹിന്ദു വേദനിക്കുന്നുവെന്ന് മുമ്പ് പറഞ്ഞ ഭാഗവതാണ് ഇപ്പോള്‍ പുനരവതരിച്ച് വേദാന്തം പറയാന്‍ തുടങ്ങിയിരിക്കുന്നത്. സപ്തംബര്‍ 8നു നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ്സില്‍ വച്ച്, ഹിന്ദുക്കള്‍ ഒരുപാട് സഹിച്ചുവെന്നും ഒന്നിച്ചുനില്‍ക്കാത്തതുകൊണ്ട് അവര്‍ക്ക് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായെന്നും, ഒറ്റയ്ക്കായാല്‍ സിംഹത്തെപ്പോലും നായ്ക്കള്‍ ആക്രമിക്കുമെന്നും പ്രസംഗിച്ചുകളഞ്ഞ വിദ്വാനാണ് സമ്പൂര്‍ണ ഹിന്ദു സമാജത്തിന്റെ പ്രചാരകനും ഹിന്ദുത്വത്തിന്റെ പൂര്‍ണതയ്ക്കായി മുസ്‌ലിംകളെ ക്ഷണിക്കുന്ന മിശിഹയുമായി അവതരിച്ചിരിക്കുന്നത്.
ആര്‍എസ്എസ് തെറ്റിദ്ധരിക്കപ്പെടുന്നതില്‍ അദ്ദേഹം എന്നിട്ടും ആശങ്കാകുലനാണ്. അത് മറ്റുള്ളവന്റെ കുഴപ്പമാണ്. അതുകൊണ്ട് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആര്‍എസ്എസിനെ കൃത്യമായി മനസ്സിലാകണമെങ്കില്‍ ഒറ്റവഴിയേയുള്ളൂ. ആര്‍എസ്എസിലേക്ക് കടന്നുവരുക. കാക്കിക്കളസം അണിയുക. ദണ്ഡും ധ്വജവും പ്രമാണവും കബഡിയും ജീവിതചര്യയാക്കുക. അല്ലാതെ പ്രസംഗം കേട്ടാലും ഹെഡ്‌ഗേവാറോ ഗോള്‍വാള്‍ക്കറോ എഴുതിയ പുസ്തകം വായിച്ചാലും സംഘത്തെ അറിയാനാവില്ല. അതിന് ആദ്യം ശാഖയില്‍ വന്ന് നല്ല മെയ്‌വഴക്കം നേടണം.

വാല്‍ക്കഷണം: സംഘം കണക്കും കാര്യങ്ങളും കൃത്യമായി സൂക്ഷിക്കുന്നുണ്ട്. എല്ലാ വര്‍ഷവും കൃത്യമായി ഓഡിറ്റിങ് ഉണ്ട്. സര്‍ക്കാരിന് കണക്ക് നല്‍കാന്‍ സജ്ജമാണ്. എന്നാല്‍, ഒരു സര്‍ക്കാരും കണക്ക് ചോദിച്ചിട്ടില്ല എന്ന് മോഹന്‍ ഭാഗവത്.
അതുതന്നെയാണ് സര്‍ക്കാരിന്റെയും സര്‍ക്കാരിതരരുടെയും ഇന്ത്യക്കാരുടെയും പൊതുവേയുള്ള പോരായ്മ. ി
Next Story

RELATED STORIES

Share it