wayanad local

ഭവനരഹിതരില്ലാത്ത മാനന്തവാടിയെന്ന സ്വപ്‌നവുമായി നഗരസഭാ ബജറ്റ്

മാനന്തവാടി: ഭവനരഹിതരില്ലാത്ത മാനന്തവാടിയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി 8,02,58,400 രൂപ ഭവനനിര്‍മാണത്തിനായി നീക്കിവച്ച് നഗരസഭയുടെ 2018-2019 വാര്‍ഷിക ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി അവതരിപ്പിച്ചു. രണ്ടായിരത്തോളം പേരെ നഗരസഭയില്‍ വീടില്ലാത്തവരായി കണ്ടെത്തിയിരുന്നു.
524 പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പുതുതായി പിഎംഎവൈ, ലൈഫ് പദ്ധതികളിലുള്‍പ്പെടുത്തി 980 വീടുകള്‍ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി. നഗരസഭാ കാര്യാലയവും അനുബന്ധ സ്ഥാപനങ്ങളും മാറ്റിസ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താന്‍ 12 കോടി രൂപ ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിശപ്പുരഹിത മാനന്തവാടിക്കായി സുഭിക്ഷം പദ്ധതി നടപ്പാക്കുകയും ജില്ലാ ആശുപത്രിയിലെ രാത്രിഭക്ഷണ വിതരണ പദ്ധതി കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി.
നിലവിലെ പൊതുശ്മശാനം ജില്ലയിലെ കൂടുതല്‍ പേര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ ഗ്യാസ് ക്രിമറ്റോറിയമാക്കാന്‍ 55,45,000 രൂപ വകയിരുത്തി. വിദ്യാലയങ്ങള്‍ക്ക് ഹൈടെക് ക്ലാസ് മുറികള്‍, മെയിന്റനന്‍സ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കും പഠന ക്യാംപുകള്‍, പരിശീലനങ്ങള്‍, കൗമാര ശാക്തീകരണം എന്നിവയ്ക്കുമായി 56 ലക്ഷം രൂപയും പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപയും ഹരിതകേരള മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉറവിട സംസ്‌കരണം ഉറപ്പുവരുത്തുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിനുമായി 5043342 രൂപ നീക്കിവച്ചു. പൊലിവ് കാര്‍ഷികോല്‍സവം, ജലസംരക്ഷണം എന്നിവയ്ക്ക് പത്ത് ലക്ഷം രൂപ വീതവും വയോമിത്രം പദ്ധതിക്ക് 13 ലക്ഷവും വകയിരുത്തി.
സമൃതിവനം, കണ്‍വന്‍ഷന്‍ സെന്റര്‍, പഴശ്ശിപക്ഷാചരണം, ഷീ ലോഡ്ജ്, ബാലനഗരസഭ, പാതയോരങ്ങള്‍ക്ക് തണല്‍, മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവെല്‍ കുടുംബശ്രീ ബസാര്‍ തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി. 92,62,96,134 രൂപ വരവും 92,20,50,875 രൂപ ചെലവും 42,45,259 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരണ യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ടി ബിജു, ശാരദാ സജീവന്‍, ലില്ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ എ ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ ആസിഫ്, സീമന്തിനി സുരേഷ് സംസാരിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഭരണസമിതി യോഗത്തില്‍ വച്ച് ഒരംഗത്തില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്‌കരിച്ചു.
Next Story

RELATED STORIES

Share it