kasaragod local

ഭവനപദ്ധതിയിലെ ക്രമക്കേട് റിപോര്‍ട്ട് ചെയ്ത വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: 65 ലക്ഷം രൂപ വിലമതിക്കുന്ന വീടിന് നഗരസഭയുടെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കുന്നതിനെതിരെ റിപോര്‍ട്ട് നല്‍കിയ നഗരസഭ ഓവര്‍സിയറെ മുസ്്‌ലിംലീഗും ബിജെപി അംഗങ്ങളും ചേര്‍ന്ന് സസ്‌പെന്റ് ചെയ്ത നടപടി വിവാദത്തില്‍. പൊതുമരാമത്ത് പ്രവൃത്തികളിലും നഗരസഭയുടെ ഭവന പദ്ധതികളിലും ക്രമക്കേട് നടന്നത് വിവാദമായിരിക്കുമ്പോഴാണ് വനിത ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തത്.
ജനകീയാസൂത്രണ പദ്ധതിപ്രകാരം 2015-16 സാമ്പത്തിക വര്‍ഷം കാസര്‍കോട് നഗരസഭയില്‍ നിന്ന് ബിപിഎല്‍ ഭവനനിര്‍മാണത്തിന് ക്രമവിരുദ്ധമായി അനുവദിച്ച പണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി എസ് അജിതയാണ് റിപോര്‍ട്ട് നല്‍കിയത്. ആറാംവാര്‍ഡിലെ ഭൂപാസ് കോംപൗണ്ടില്‍ താമസക്കാരനായ പത്മനാഭയുടെ വീടിനെതിരെയണ് റിപോര്‍ട്ട് നല്‍കിയത്. സ്വന്തം വീടിന് പകരം അയല്‍വാസിയും ബന്ധുവുമായ കെ ദിനേശന്‍ നിര്‍മിച്ച വീടിന് മുന്നില്‍നിന്ന് ഫോട്ടോയെടുത്ത് നല്‍കിയാണ് പത്മനാഭ നഗരസഭയില്‍നിന്ന് മൂന്ന് ഗഡു പണം തട്ടിയത്.
കെട്ടിട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തതും ദിനേശന്റെ വീടായിരുന്നു. ബിപിഎല്‍ ഭവനനിര്‍മാണ പദ്ധതിപ്രകാരം 82.5 ചതുരശ്ര മീറ്റര്‍ വരെയുള്ള ഭവനനിര്‍മാണത്തിന് ധനസഹായം ലഭിക്കും. എന്നാല്‍ പത്മനാഭ നിര്‍മിച്ച വീട് 183.64 ചതുരശ്ര മീറ്ററുണ്ട്. ഇതിനാകട്ടെ 65 ലക്ഷം രൂപയോളം ചെലവുണ്ടാകുമെന്നും ഓവര്‍സിയറുടെ റിപോര്‍ട്ടിലുണ്ട്.
ദിനേശന്‍ പിഎംഎവൈ പദ്ധതിപ്രകാരമുള്ള വീടുപണിപൂര്‍ത്തിയാക്കി പണം വാങ്ങാനെത്തിയപ്പോള്‍ ഈ വീടിന് മുമ്പ് പണം വാങ്ങിയതായി സംശയംതോന്നിയ ഓവര്‍സിയര്‍ സ്ഥലം പരിശോധിച്ചതോടെയാണ് പത്മനാഭ തെറ്റിദ്ധരിപ്പിച്ചതറിഞ്ഞത്. പത്മനാഭയുടെ വീട്ടുനമ്പര്‍ റദ്ദാക്കി വാങ്ങിയ പണം പലിശ സഹിതം തിരിച്ചുവാങ്ങണമെന്ന് ഓവര്‍സിയറുടെ റിപോര്‍ട്ടിലുണ്ട്. നിയമവിരുദ്ധമായി ധനസഹായം വാങ്ങിയ പത്മനാഭയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതും വാങ്ങിയ ധനസഹായം പലിശസഹിതം തിരികെ ഈടാക്കാവുന്നതുമാണെന്ന് കഴിഞ്ഞ ഫെബ്രുവരി 19ന് പിഎ ടു സെക്രട്ടറി ഫയലില്‍ കുറിപ്പെഴുതിയിട്ടുമുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ഇപ്പോള്‍ ഭരണസമിതി ഓവര്‍സിയര്‍ക്കെതിരെ നടപടിയെടുത്തത്.
ബിജെപി അനുഭാവിയായ പത്മനാഭക്ക് അനുവദിച്ച ഫണ്ട് നല്‍കാതിരുന്നാല്‍ നഗരസഭയില്‍ മുസ്്‌ലംലീഗ് അനര്‍ഹമായി അനുവദിച്ച മറ്റ് വീടുകളെ കുറിച്ചു അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നതോടുകൂടിയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥക്കെതിരെ ഭരണസമിതിയും പ്രതിപക്ഷവും ഒന്നടങ്കം തിരിഞ്ഞത്.
Next Story

RELATED STORIES

Share it