Idukki local

ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തതിനെതിരേ സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം

കുമളി: അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മാത്രം പ്രതിചേര്‍ത്ത് റിമാന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആദിവാസി യുവതി കൈക്കുഞ്ഞുമായി പോലിസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്നു. കുമളി കഴിക്കണ്ടം കണ്‍മണി ഹൗസില്‍ ജയകുമാറിന്റെ ഭാര്യ രാജേശ്വരി (23) ആണ് കുത്തിയിരുന്നത്.
ഇവരോടൊപ്പം രണ്ടും നാലും വയസുള്ള  ജെസിക, അക്ഷ ഭര്‍ത്താവിന്റെ പിതാവ് മായവര്‍ മാതാവ് ഭാഗ്യം എന്നിവരും രാജേശ്വരിയോടൊപ്പമുണ്ട.് ഇവരുടെ അയല്‍വാസി സുബ്രമണിയുമായി ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ മകളെ സ്‌കൂളില്‍ പോയ വഴിക്ക് വഴക്കുണ്ടാക്കിയിരുന്നു.
തടസ്സം പിടിക്കാനെത്തിയ രാജേശ്വരിയെ മര്‍ദ്ദിക്കുകയും ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പറയുന്നു. മര്‍ദനം ഏറ്റതിനെ തുടര്‍ന്ന് ഇവര്‍ രാവിലെ തന്നെ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അറിയിച്ചു. നേരെ ആശുപത്രിയിലെത്തി അഡ്മിറ്റാകാന്‍ പോലിസ് സ്റ്റേഷനില്‍ നിന്നറിയിച്ചു. പിന്നീട് മൊഴിയെടുത്ത ശേഷം ഇവരോട് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടറെ കാണണമെന്ന് പോലിസ് ആവശ്യപ്പെടുകയായിരുന്നു. പത്ത് മണിയോടെ സ്റ്റേഷനിലെത്തിയെങ്കിലും ഒരു മണിക്കാണ് ഇവര്‍ക്ക് ഇന്‍സ്‌പെക്ടറെ കാണാന്‍ കഴിഞ്ഞത്. പഴയ കേസുമായി ബന്ധപ്പെട്ട് വാറണ്ട് നിലനില്‍ക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ അറസ്റ്റ് ചെയ്യുകയാണെന്നും എസ് ഐ പറഞ്ഞതായി രാജേശ്വരി പറയുന്നു. പീന്നീട് രാത്രി എട്ടരയോടെയാണ് ജയകുമാറിനെ റിമാന്റ് ചെയ്യാനായി പോലിസ് പീരുമേട്ടിലേക്ക് കൊണ്ടുപോയത്. ഇത്രയും സമയം കൈക്കുഞ്ഞുള്‍പ്പെടെ തങ്ങള്‍ വെള്ളവും ആഹാരവും കഴിക്കാതെയാണ് സ്റ്റേഷനില്‍ നിന്നതെന്നും ഇവര്‍ക്ക് പരാതിയുണ്ട്. മാത്രമല്ല പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസിലെത്തി പരാതി നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും പോലിസുകാര്‍ അറിയിച്ചതായും ഇവര്‍ പറയുന്നു. അതേ സമയം അടിപിടിയില്‍ പങ്കാളിയായ രണ്ട് കക്ഷികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ ഒളിവില്‍ പോയതായും കുമളി എസ്.ഐ പ്രശാന്ത് പി നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it