Flash News

ഭരണസംവിധാനത്തിലെ സംഘി വൈറസുകള്‍

ഭരണസംവിധാനത്തിലെ സംഘി വൈറസുകള്‍
X
2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ജൂലൈയില്‍ ആര്‍എസ്എസ് തങ്ങളുടെ അംഗങ്ങളായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മുംബൈയില്‍ ഒരു ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ നേതൃത്വത്തില്‍ രാംഭവു മഹാല്‍ഗി പ്രബോധിനിയില്‍ നടന്ന ക്യാംപില്‍ സര്‍ക്കാര്‍ ഫയലുകളില്‍ നോട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പരിശീലനം.



വാജ്‌പേയി സര്‍ക്കാര്‍ പോലെ മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ തുടര്‍ച്ചയാവരുതെന്ന് ഉദ്‌ബോധനവും. ഒന്നും ഒന്നിന്റെയും തുടര്‍ച്ചയായില്ല. സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളിലെ ആര്‍എസ്എസ് പുതിയതായിരുന്നില്ലെങ്കിലും മോദിക്കാലത്തിനു മുമ്പുവരെ അവര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക മേഖലകളിലും സംഘ്താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വിന്യാസവും ക്രമപ്പെടുത്തലുകളുമുണ്ടായി. താല്‍ക്കാലിക ജീവനക്കാര്‍ മുതല്‍ സുരക്ഷാ ജീവനക്കാര്‍ വരെ ഇത്തരത്തില്‍ സംഘ്താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമിക്കപ്പെട്ടവരായിരുന്നു. ഈ അടിസ്ഥാനപരമായ വിന്യാസത്തിലായിരുന്നു മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ ആര്‍എസ്എസിന്റെ ശ്രദ്ധ.

ഈ അടിസ്ഥാന സൗകര്യമൊരുക്കലിനു പിന്നില്‍ ഒളിച്ചുനിന്നാണ് ആര്‍എസ്എസ് രാജ്യം ഭരിക്കാന്‍ തുടങ്ങുന്നത്. സംഘടനാപരമായും ആര്‍എസ്എസിന് ഇത് നല്ല കാലമായിരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ വിദ്യാര്‍ഥി ശാഖകളുടെ എണ്ണത്തില്‍ മാത്രം 14 ശതമാനം വര്‍ധനയുണ്ടായി. ആര്‍എസ്എസിന്റെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 2014 ഏപ്രിലിനു ശേഷം 12 മാസത്തിനുള്ളില്‍ 6000 പുതിയ ശാഖകള്‍ തുറന്നു. ആകെ ശാഖകളുടെ എണ്ണം 44,982ല്‍ നിന്ന് 51,330 ആയി ഉയര്‍ന്നു. തൊട്ടടുത്ത വര്‍ഷം ഇത് 58,967 ആയി വീണ്ടും ഉയര്‍ന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആളുകളെ നിയമിക്കുന്ന കാര്യത്തില്‍ ആര്‍എസ്എസിനു ലക്ഷ്യം നേടാനായെന്ന് ആര്‍എസ്എസ് മുന്‍ സൈദ്ധാന്തികന്‍ കെ എന്‍ ഗോവിന്ദാചാര്യ പരസ്യമായി സമ്മതിക്കുന്നുണ്ട്. മാനവവിഭവശേഷി മന്ത്രാലയമായിരുന്നു ആര്‍എസ്എസിനു പ്രത്യേക താല്‍പര്യമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രധാനപ്പെട്ടത്. ഇതിലാകട്ടെ പൂര്‍ണമായും ആര്‍എസ്എസ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നീക്കങ്ങളുണ്ടായി. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനി (യുജിസി)ലേക്ക് ആര്‍എസ്എസ് സൈദ്ധാന്തികനും നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് സ്ഥാപകനുമായ പ്രഫ. ഇന്ദര്‍ മോഹന്‍ കപാഹിയെ നിയമിച്ചതായിരുന്നു ഇതിലൊന്ന്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയാണ് നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്. നിയമനത്തെ ചെയര്‍പേഴ്‌സണ്‍ വേദ്പ്രകാശിനെപ്പോലുള്ളവര്‍ എതിര്‍ത്തെങ്കിലും കാര്യമൊന്നുമുണ്ടായില്ല.


സര്‍ക്കാരിന്റെ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നും അതിന്റെ സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു സര്‍ക്കാരിന്റെ തുടക്കകാലം മുതല്‍ തന്നെ ആര്‍എസ്എസ് പറഞ്ഞുകൊണ്ടിരുന്നത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇക്കാര്യം തുടര്‍ന്നുള്ള പല പ്രസംഗങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍.

എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ ആര്‍എസ്എസ് എതിര്‍ത്തു. നിങ്ങള്‍ക്ക് നടത്താനാവില്ലെങ്കില്‍ പുറത്തേക്കു കൊടുക്കാം. എന്നാല്‍ അത് ഇന്ത്യക്കാരനായിരിക്കണമെന്ന് ഭാഗവത് പരസ്യമായി പറയുകയും ചെയ്തു. 10 മാസമായി വിദേശത്തു നിന്ന് ഓഹരി വാങ്ങാന്‍ ആളെ തിരയുകയായിരുന്ന വ്യോമയാന മന്ത്രാലയം അതോടെ പദ്ധതി അവസാനിപ്പിച്ചുവെന്നു മാത്രമല്ല, ഓഹരി വാങ്ങാനുള്ള അവകാശം ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമാവും വിധം പ്രിലിമിനറി ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം മാറ്റിയെഴുതുകയും ചെയ്തു.

മറുവശത്ത് ഭക്തര്‍ ആഘോഷം തുടങ്ങിയിരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം തന്നെ ക്രിസ്ത്യാനികള്‍ക്കെതിരേ 212 അക്രമങ്ങളും മുസ്‌ലിംകള്‍ക്കെതിരേ 175 അക്രമങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗം സംബന്ധിച്ച് 234 കേസുകളുണ്ടായി. അസമില്‍ 108 മുസ്‌ലിംകളെ കൊലപ്പെടുത്തിയ കണക്കിനു പുറമേയാണിത്.

തയ്യാറാക്കിയത്: കെ എ സലിം

കാവിപ്പുരയിലെ കള്ളച്ചൂതുകാര്‍ പരമ്പര- ഭാഗം 2


ദ ഗ്രേറ്റ് ബഗ്ഗിങ് അഥവാ പരിവാര്‍ കലഹം>>
Next Story

RELATED STORIES

Share it