kozhikode local

ഭരണപക്ഷ കൗണ്‍സിലര്‍ ചെയര്‍മാനെ ചോദ്യം ചെയ്തത് വിവാദമായി

വടകര: കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്റെ നടപടിക്രമങ്ങള്‍ ഭരണപക്ഷത്തെ കൗണ്‍സിലര്‍ തന്നെ ചോദ്യം ചെയ്തത് വിവാദമായി. അജണ്ടകള്‍ വായിക്കുമ്പോഴും, മറ്റും പ്രതിപക്ഷത്തിന്റെ മെമ്പര്‍മാര്‍ ചോദ്യം ഉന്നയിക്കുന്നതിന് ഏത് രീതിയില്‍ മറുപടി പറയണമെന്നും, ചിരിക്കേണ്ട സമയത്ത് ചിരിക്കണമെന്നും, കണിശമായി പറയേണ്ട കാര്യങ്ങള്‍ അങ്ങിനെ പറയണമെന്നും ഭരണപക്ഷ മെമ്പറായ ചെറിയകണ്ടിയില്‍ കുഞ്ഞിരാമനാണ് ചെയര്‍മാനെ ചോദ്യം ചെയ്തത്.
മാത്രമല്ല പ്രതിപക്ഷത്തെ മാത്രം നോക്കിയാണ് ചെയര്‍മാന്‍ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.
ഇതോടെ ചെയര്‍മാനെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വച്ചു. അതേസമയം ഭരണപക്ഷത്ത് തന്നെയുള്ള കൗണ്‍സിലര്‍ ചെയര്‍മാനെ ചോദ്യം ചെയ്തത് കൗണ്‍സിലിനെ ആശ്ചര്യത്തിലാക്കി. പ്രതിപക്ഷത്തിന്റെ ചില ചോദ്യങ്ങളെയും മറ്റും പാടെ തള്ളിക്കളയണമെന്നും, അത്തരം ചോദ്യങ്ങള്‍ ഗൗനിക്കാതെ കൗണ്‍സില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നുമുള്ള ചില സിപിഎമ്മിന്റെ മുതിര്‍ന്ന കൗണ്‍സിലര്‍മാരുടെ വാക്കുകള്‍ ചില നേരങ്ങളില്‍ ബഹളത്തിന് കാരണമായി. ചെയര്‍മാനിരിക്കുമ്പോള്‍ കൗണ്‍സിലിനെ അപമാനിക്കുന്ന തരത്തിലാണ് ചില സിപിഎം കൗണ്‍സിലര്‍മാര്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുന്‍വിധിയോടെ ചില പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതും ഇത്തരം ചില കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണെന്നും, ഇവര്‍ക്ക് നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it