ഭരണഘടന കത്തിക്കാന്‍ ആഹ്വാനം; അഭിഭാഷകനെതിരേ കേസെടുത്തു

പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത അഭിഭാഷകനെതിരേ പത്തനംതിട്ട പോലിസ് കേസെടുത്തു. സംഘപരിവാര സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരന്‍ ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്.
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കുമ്പഴയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് മുരളീധരന്‍ ഉണ്ണിത്താന്‍ പരാമര്‍ശം നടത്തിയത്. ഭരണഘടന കോട്ടിട്ട കുറേ സായിപ്പന്മാര്‍ ഉണ്ടാക്കിയതാണെന്നും ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പിക്കുകയായിരുന്നു എന്നുമാണ് മുരളീധരന്‍ പറഞ്ഞത്. ഗോരക്ഷാ സമിതി നേതാവും അഭിഭാഷക പരിഷത്ത് പ്രവര്‍ത്തകനുമാണ് മുരളീധരന്‍. ഭരണഘടനയെ ആക്ഷേ പിച്ച് അഭിഭാഷകന്‍ പരസ്യമായി പ്രസംഗിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ ബാബുവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ദേശത്തിന്റെ മഹത്വത്തെ അപമാനിച്ചതിനാണ് കേസ്. പ്രസംഗത്തിന്റെ ദൃശ്യം പോലിസ് ശേഖരിച്ചു. ഉണ്ണിത്താനെ അടുത്ത ദിവസം ചോദ്യം ചെയ്യും.

Next Story

RELATED STORIES

Share it