ernakulam local

ഭരണം നിര്‍വഹിക്കേണ്ടത് തൊഴിലാളി യൂനിയനുകളല്ല: മന്ത്രി

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നേറാന്‍ സാമ്പത്തിക പരിരക്ഷ മാത്രം പോരെന്നും മെച്ചപ്പെട്ട ഭരണ നിര്‍വഹണം വേണെന്നും മന്ത്രി എ സി മൊയ്തീന്‍. വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ മേധാവികള്‍ അതിനായി ശ്രമിക്കണം. തൊഴിലാളി യൂനിയനുകളോട് അമിതവിധേയത്വം കാണിക്കേണ്ട. യൂനിയനുകളുമായി നല്ല ബന്ധമാണ് വേണ്ടത്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ നിര്‍ദേശം യൂനിയനുകള്‍ നല്‍കിയാല്‍ സ്വീകരിക്കണം. എന്നാല്‍ ഭരണം നടത്തേണ്ടത് അവരല്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി തടയാനായാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും മെച്ചപ്പെടും. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയെന്നതല്ല കേരളത്തിന്റെ നയം. അവയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലവസരം വര്‍ധിപ്പിക്കുകയാണ്. ശേഷിക്കനുസരിച്ച് സര്‍ക്കാര്‍ മുതല്‍മുടക്കുന്നുണ്ട്.
ചരക്കുസേവനനികുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ മുഖ്യപ്രഭാഷണം നടത്തി.
റിയാബ് ചെയര്‍മാന്‍ എം പി സുകുമാരന്‍നായര്‍, സെക്രട്ടറി എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു. ജെ സുന്ദരേശന്‍, ഡോ. സുന്ദര്‍ റാം കോരിവി എന്നിവര്‍ ക്ലാസെടുത്തു.
കോര്‍പറേറ്റ് ഗവേണന്‍സിനെക്കുറിച്ചാണ് രണ്ടുദിവസത്തെ ശില്‍പ്പശാല. പൊതുമേഖലാ സ്ഥാപനമേധാവികളും ചീഫ് ഫിനാന്‍സ് ഓഫീസറുമാണ് ബോള്‍ഗാട്ടിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. 41 സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
ഘട്ടംഘട്ടമായി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം പരിശീലനം നല്‍കും. പൊതുമേഖലാ റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ (റിയാബ്) ആണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it