palakkad local

ഭക്ഷ്യസുരക്ഷാ പരിശോധന ഊര്‍ജിതമാക്കും

പാലക്കാട്: ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പരിശോധനകള്‍ ഫലപ്രദമായി.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയും ഗുണമേന്മയില്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന ശക്തമാക്കിയും ജില്ലയില്‍ വ്യാജ ബ്രാന്‍ഡുകളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍ കെ എം ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ വെളിച്ചെണ്ണ, രാസപദാര്‍ഥങ്ങളടങ്ങിയ പഴവര്‍ഗങ്ങള്‍, വിഷമയമായ പച്ചക്കറികള്‍ എന്നിവ ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ ചെക്ക്‌പോസ്റ്റുകളിലും പൊതുവിപണിയിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകളായി മാറ്റുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കോങ്ങാട്, നെന്മാറ, ആലത്തൂര്‍, ഓങ്ങലൂര്‍, കുമരംപുത്തൂര്‍, അനങ്ങനടി, കണ്ണാടി, നാഗലശ്ശേരി, കാവശ്ശേരി, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ രണ്ടര ലക്ഷത്തോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ്് നടത്തിയത്.
ഇതിന്റെ ഭാഗമായി ഭക്ഷ്യോത്പാദന-വിതരണ-വില്‍പന സ്ഥാപനങ്ങള്‍ക്ക് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മേളയില്‍ രണ്ടായിരത്തോളം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്യുകയും കാലഹരണപ്പെട്ട ലൈസന്‍സുകള്‍ പുതുക്കുകയും ചെയ്തു.
2017-18ല്‍ വിവിധ ഉത്പ്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന്റെ ഭാഗമായി 2924 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 613 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
പല സ്ഥാപനങ്ങളില്‍ നിന്നായി 233 സ്റ്റാറ്റിയൂട്ടറി സാംപിളുകള്‍ പരിശോധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 24 കേസുകളും നിശ്ചിത ഗുണനിലവാരം ഉറപ്പാക്കാതെ ഭക്ഷ്യവസ്തുകള്‍ വില്‍പന നടത്തിയ 25 ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരേയുള്ള കേസുകളും വിവിധ ആര്‍ഡിഒ കോടതിയുടെ പരിഗണനയിലാണ്.

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 സര്‍ക്കിളുകളിലെ 12 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും ക്വിസ് മല്‍സരവും നടത്തി.
Next Story

RELATED STORIES

Share it